News

കള്ളക്കണക്ക് നിരത്തിയ മെമ്മോറാണ്ടം ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത തകർക്കും; പ്രതിപക്ഷ നേതാവ്

കൊച്ചി: സാമാന്യ യുക്തിക്ക് നിരക്കാത്ത കണക്കുകൾ നിരത്തിയ മെമ്മോറാണ്ടം ദുരിതാശ്വാസ നിധിയുടെ തന്നെ വിശ്വാസ്യത ഇല്ലാതെയാക്കുമെന്ന് പ്രതിപക്ഷ നേതാവ്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ സമർപ്പിക്കാൻ സർക്കാർ തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചത്. ഒരു മൃതദേഹം സംസ്‌ക്കരിക്കാന്‍ 75000 രൂപ ചെലവായെന്ന കണക്കില്‍ എന്ത് വിശ്വാസ്യതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. മെമ്മോറാണ്ടം തയാറാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഈ കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ മെമ്മേറാണ്ടമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇങ്ങനെയാണോ കേന്ദ്ര സര്‍ക്കാരിന് മെമ്മോറാണ്ടം സമര്‍പ്പിക്കുന്നതെന്നും സതീശൻ ചോദിച്ചു. എസ്ഡിആര്‍എഫ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് മെമ്മോറാണ്ടം സമര്‍പ്പിക്കേണ്ടത്. ഈ കണക്കിന് എസ്ഡിആര്‍എഫ് മാനദണ്ഡങ്ങളുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വിമർശിച്ചു.

കണക്ക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റാണോ റവന്യൂ വകുപ്പാണോ തയാറാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും പരിശോധന നടത്തിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സെക്രട്ടേറിയറ്റിലെ സാമാന്യബുദ്ധിയുള്ള ഒരു ഉദ്യോഗസ്ഥനും ഇത്തരമൊരു കണക്ക് തയാറാക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിരവധി മൃതശരീരങ്ങള്‍ ബന്ധുjക്കളാണ് സംസ്‌ക്കരിച്ചത്. ബാക്കിയുള്ള മൃതശരീരങ്ങള്‍ സംസ്‌ക്കരിക്കാന്‍ എംഎല്‍എയും പഞ്ചായത്തും ചേർന്നാണ് എച്ച്എംഎല്ലുമായി സംസാരിച്ച് സ്ഥലം കണ്ടെത്തിയത്. കുഴിയെടുക്കാനുള്ള സൗകര്യം സ്ഥലത്തെ എന്‍എസ്എസ് യൂണിയന്‍ പ്രസിഡൻ്റ് ആണ് നല്‍കിയത്. മുഴുവന്‍ മൃതദേഹങ്ങളും സംസ്‌ക്കരിച്ചത് സന്നദ്ധ പ്രവര്‍ത്തകരാണ്. എന്നിട്ടാണ് ഒരു മൃതദേഹം സംസ്‌ക്കരിക്കാന്‍ 75000 രൂപ ചെലവായെന്ന കണക്ക് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്താണ് ഇതിൻ്റെ വിശ്വാസ്യതയെന്നും അദ്ദേഹം ചോദിച്ചു.

വോളണ്ടിയര്‍മാര്‍ക്ക് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷനും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് ഭക്ഷണം നല്‍കിയത്. കള്ളക്കണക്ക് എഴുതാതെ ശ്രദ്ധയോടെ നിവേദനം തയാറാക്കി നല്‍കിയിരുന്നെങ്കില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ന്യായമായ സഹായം വാങ്ങിയെടുക്കാമായിരുന്നു. വിശ്വാസ്യത തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ് മെമ്മോറാണ്ടം തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

എവിടെയോ ആരോ തയാറാക്കിയ മെമ്മോറാണ്ടമല്ല സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കേണ്ടത്. വിവാദങ്ങളുണ്ടായി സഹായം ലഭിക്കാതെ പോകരുതെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. വയനാട് ദുരിതാശ്വാസത്തിന് വേണ്ടി മുഖ്യമന്ത്രിയുടെ സഹായ നിധിയില്‍ പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. അതില്‍ നിന്നും ചെലവഴിക്കുന്ന തുകയുടെ കണക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചാല്‍ വിശ്വാസ്യതയും വര്‍ ധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആളുകള്‍ തലയില്‍ കൈ വയ്ക്കുന്ന തരത്തിലാണ് സര്‍ക്കാര്‍ മെമ്മോറാണ്ടം തയാറാക്കിയത്. സാധാരണക്കാരൻ്റെ യുക്തിക്ക് പോലും നിരക്കാത്ത കണക്ക് എഴുതി വച്ചാല്‍ മെമ്മോറാണ്ടം പരിശോധിക്കുന്ന കേന്ദ്ര സര്‍ക്കാരിൻ്റെ ഉദ്യോഗസ്ഥര്‍ ഗൗരവത്തിലെടുക്കുമോയെന്നും സതീശൻ ആശങ്ക ഉന്നയിച്ചു.

2000 കോടിയുടെയെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനം വയനാട്ടില്‍ നടത്തേണ്ടി വരും. ഇത് ചൂണ്ടിക്കാട്ടി എസ്ഡിആർഎഫ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ മെമ്മോറാണ്ടമാണ് സംസ്ഥാന സര്‍ക്കാര്‍ തയാറാക്കേണ്ടത്. നിലവിലെ മെമ്മോറാണ്ടം തയാറാക്കിയത് ആരാണെന്ന് കണ്ടെത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ശേഷം ധനസഹായം കിട്ടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേന്ദ്ര സഹായം ലഭിക്കാത്തത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ല.

സര്‍ക്കാരിൻ്റെ തെറ്റുകളും കുറവുകളും ചൂണ്ടിക്കാട്ടാനാണെങ്കില്‍ വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങളുണ്ട്. എന്നാല്‍ നാട്ടില്‍ ദുരന്തം ഉണ്ടാകുമ്പോള്‍ എല്ലാവരും ഒന്നിച്ച് നിന്ന് സഹായിക്കുന്ന പുതിയൊരു സംസ്‌ക്കാരം ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അതുകൊണ്ടാണ് പ്രതിപക്ഷം തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടതും സര്‍ക്കാരുമായി സഹകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ധനസഹായത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ധനസഹായം സംസ്ഥാനങ്ങള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ ഇവിടെ അത് കിട്ടിയിട്ടില്ല. കിട്ടിയില്ലെന്ന പരാതി സംസ്ഥാന സര്‍ക്കാരിനുമില്ല. സര്‍ക്കാരിന് പരാതി ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിപക്ഷം എങ്ങനെ പരാതി ഉന്നയിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഹൈക്കോടതി വിധിയിലൂടെയാണ് സര്‍ക്കാര്‍ തയാറാക്കിയ മെമ്മോറാണ്ടം പുറത്തു വരുന്നത്. മെമ്മോറാണ്ടം മാധ്യമങ്ങള്‍ ഉണ്ടാക്കിയെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഓണത്തിന് കൂടുതല്‍ സ്‌പെഷ്യൽ ട്രെയിനുകള്‍ അനുവദിക്കാത്തിനാല്‍ നിരവധി പേരാണ് കഷ്ടപ്പെടുന്നതെന്നും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ സംസ്ഥാന സര്‍ക്കാരിൻ്റെയും റെയില്‍വെയുടെയും ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *