
MDMA വാങ്ങാൻ പണം നൽകിയില്ല, മാതാപിതാക്കളെ ആക്രമിച്ച് യുവാവ്; പിടികൂടി കെട്ടിയിട്ട് നാട്ടുകാർ
മലപ്പുറം താനൂരില്‍ എംഡിഎംഎയ്ക്ക് പണം നല്‍കാത്തതിനാല്‍ മാതാപിതാക്കളെ മര്‍ദിച്ച് മകന്‍. യുവാവിനെ പൊലീസ് ലഹരി വിമോചനകേന്ദ്രത്തിലേക്ക് മാറ്റി. നാട്ടുകാര്‍ കൈകാലുകള്‍ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്.
അടുത്ത കാലത്താണ് യുവാവ് ലഹരിക്കടിമയായതെന്ന് കുടുംബം പറയുന്നത്. കൊച്ചിയില്‍ ജോലി ചെയ്യുന്ന കാലത്താണ് ഇത് ഉപയോഗിച്ച് തുടങ്ങിയതെന്ന് യുവാവും സമ്മതിക്കുന്നുണ്ട്. നേരത്തെ ജോലിയ്ക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്നത് മകനാണെന്നും കുടുംബം പറയുന്നു. അതിനിടെയാണ് തമാശയായി ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങുന്നതും അതിന് അടിമയാവുന്നതും. ഇതോടുകൂടി ഇയാള്‍ ജോലിക്ക് പോവാതായി. തുടര്‍ന്ന് ലഹരിമരുന്ന് വാങ്ങാനായി വീട്ടിൽ നിന്നും പണംചോദിക്കാൻ തുടങ്ങി.
ഒട്ടേറെ തവണ മാതാപിതാക്കളെ മർദിക്കുകയും ചെയ്തു. ഇന്നലെ രാത്രി ബഹളം വയ്ക്കുകയും ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാർ യുവാവിനെ പിടികൂടിയത്. താനൂർ പൊലീസാണ് ലഹരി വിമോചനകേന്ദ്രത്തിലേക്ക് മാറ്റിയത്.