News

വിഴിഞ്ഞം തുറമുഖം: വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കാൻ തീരുമാനം; കേന്ദ്രത്തിന് വഴങ്ങി

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസര്‍ക്കാരിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് വാങ്ങാൻ മന്ത്രിസഭ തീരുമാനം, വായ്പയായി തന്നെ സ്വീകരിക്കാമെന്ന് കേന്ദ്രത്തെ അറിയിക്കും. 817.80 കോടി രൂപ തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിലാണ് VGF നൽകുന്നത്. വിജിഎഫ് ഇനത്തില്‍ ലഭിക്കേണ്ടത് 817 കോടി രൂപയാണ്. ദീര്‍ഘകാല വായ്പയായി തുക അനുവദിക്കാമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്.

കേന്ദ്രം അനുവദിക്കുന്ന വിജിഎഫ് തുക ലാഭവിഹിതമായി തിരികെ നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ വെച്ചിട്ടുള്ളത്. കേരളം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. വ്യവസ്ഥകളോടെ ഫണ്ട് സ്വീകരിക്കുന്നതിന് സംസ്ഥാനത്തിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു.

ഒന്നാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 2028നകം നാലുഘട്ടങ്ങളും പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്‍റെ പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്നു. രണ്ടും മൂന്നും ഘട്ട വികസനത്തിന്‍റെ ഭാഗമായി കണ്ടെയ്നർ ടെര്‍മിനല്‍ 1,200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും. ബ്രേക്ക് വാട്ടറിന്‍റെ നീളം 900 മീറ്റര്‍ കൂടി വർധിപ്പിക്കും. തുറമുഖത്തിന്‍റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10,000 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. 2028ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപിത ശേഷിയുള്ള കണ്ടെയ്നര്‍ ടെര്‍മിനല്‍ ആയി വിഴിഞ്ഞം രാജ്യാന്തര തുറമുഖം മാറുമെന്നും മന്ത്രി പറഞ്ഞു.