
ജി. ജയരാജിന്റെ അനധികൃത നിയമനം ചോദ്യംചെയ്തതിന് സി ഡിറ്റ് ഉദ്യോഗസ്ഥന് കണ്ണൂരിലേക്ക് ചട്ടംലംഘിച്ച് സ്ഥലം മാറ്റം; പരാതി മുക്കി മുഖ്യമന്ത്രിയുടെ ഓഫീസ് |TN Seema, C-Dit Director G Jayaraj
തിരുവനന്തപുരം: ടിഎന്‍ സീമയുടെ ഭര്‍ത്താവിന്റെ അനധികൃത നിയമനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ കൂട്ടുനിന്നുവെന്ന് ആരോപിച്ച് ഉദ്യോഗസ്ഥന് ചട്ടംലംഘിച്ച് സ്ഥലംമാറ്റം. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശിയ നേതാവുമാണ് ടിഎന്‍ സീമ.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സി ഡിറ്റ് ഡയറക്ടറായി ജി. ജയരാജനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ് വരുത്തിയായിരുന്നു ഉന്നത നിയമനം. നിലവില്‍ ഹൈക്കോടതി ഉത്തരവിനെതിരെ ഇടക്കാല സ്റ്റേ വാങ്ങി സര്‍വ്വീസില്‍ തുടരുകയാണ് ജി ജയരാജ്. രണ്ട് ലക്ഷം രൂപയാണ് ശമ്പളം.
വിദ്യാഭ്യാസം, സയന്‍സ്, മാസ് കമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ മികവ് തെളിയിച്ചവരെ നിയമിക്കണമെന്ന വ്യവസ്ഥ മാറ്റി സര്‍വ്വീസില്‍ നിന്ന് വിരമിച്ചവരെയും നിയമിക്കാമെന്ന് വ്യവസ്ഥ കൊണ്ടുവന്നായിരുന്നു സിപിഎം വനിതാ നേതാവിന്റെ ഭര്‍ത്താവിന് സിഡിറ്റ് ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചത്.
ഇതിനെതിരെ സിഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ എംആര്‍ മോഹനന്‍ ഹൈക്കോടതിയെ സമീപിക്കുകയും നോട്ടിഫിക്കേഷന്‍ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സിഡിറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍ ശിവരാമകൃഷ്ണന്‍ ആണെന്ന ആരോപണം ഉയര്‍ത്തിയാണ് ഇദ്ദേഹത്തെ കണ്ണൂരിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്.
ജനറല്‍ സെക്രട്ടറിമാരെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ മാത്രമേ നിയമിക്കാവൂ എന്ന ചട്ടം മറികടന്നണ് പ്രതികാര നടപടി. സിഡിറ്റിന്റെ തലപ്പത്ത് ജയരാജ് എത്തിയതിനു ശേഷം നടന്ന അഴിമതികളും ധൂര്‍ത്തും ക്രമക്കേടും അക്കമിട്ട് നിരത്തി നിരവധി പരാതികള്‍ ശിവരാമകൃഷ്ണന്‍ തെളിവ് സഹിതം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
കണ്ണിലെ കരടായ ശിവരാമകൃഷ്ണനെ ഏത് വിധേനയും തിരുവനന്തപുരത്ത് നിന്ന് സ്ഥലംമാറ്റാന്‍ ജയരാജ് പഠിച്ച പണി പതിനെട്ടും പയറ്റിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. അവസാനം ഭാര്യ ടി.എന്‍ സീമയെ രംഗത്തിറക്കിയാണ് ശിവരാമകൃഷ്ണനെ കണ്ണൂരിലേക്ക് സ്ഥലം മാറ്റിയത്.
സിഡിറ്റിലെ പ്രഗല്‍ഭനായ വെബ് ഡിസൈനറാണ് ശിവരാമകൃഷ്ണന്‍. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വി.എസിന്റെ വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്ത മിടുക്കനായ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കണ്ണൂരിലേയും വയനാടിലേയും സിസിടിവി പ്രൊജക്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലാണ് അസിസ്റ്റന്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്ന ഇല്ലാത്ത തസ്തികയിലേക്ക് ശിവരാമകൃഷ്ണനെ ട്രാന്‍സ്ഫര്‍ ചെയ്തത്.
ഇതിനെതിരെ സിഡിറ്റ് സംഘടന ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷ് പരാതി മുക്കിയെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ടിഎന്‍ സീമ രാഗേഷിനെ വിളിച്ചതോടെയാണ് പരാതി മുക്കിയതെന്നാണ് അറിയുന്നത്.
ഇകെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഡെപ്യൂട്ടി ഡയറക്ടറായി ഡി.ഡിറ്റില്‍ പരീക്ഷ എഴുതാതെ കടന്നു കൂടിയ വ്യക്തിയാണ് ജി. ജയരാജ്. ഭര്‍ത്താവിന് ജോലി വേണമെന്ന ടി.എന്‍. സീമയുടെ ആവശ്യം തോമസ് ഐസക്ക് ഇ.കെ. നായനാരുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ജി.ജയരാജിന് നിയമനം ലഭിച്ചത്.
സിഡിറ്റ് രജിസ്റ്റാര്‍ ആയി വിരമിച്ച ജയരാജിനെ ചട്ടവിരുദ്ധമായി പിണറായി സര്‍ക്കാര്‍ സിഡിറ്റ് ഡയറക്ടര്‍ ആക്കുകയായിരുന്നു. 2 ലക്ഷം രൂപയാണ് ജയരാജിന്റെ ശമ്പളം. ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല സ്റ്റേ വാങ്ങി സിഡിറ്റ് തലപ്പത്ത് എത്തിയെങ്കിലും ഹൈകോടതി ഡിവിഷന്‍ ബഞ്ചില്‍ കേസ് നടക്കുകയാണ്.
ഏതും നിമിഷവും കസേര പോകാമെന്ന അവസ്ഥയിലാണ് ജയരാജ്. അതിനിടയിലാണ് ജോലി തെറിപ്പിച്ച ഉദ്യോഗസ്ഥനോട് പ്രതികാരത്തിന് ജയരാജ് ഇറങ്ങിയതും. ചട്ടവിരുദ്ധമായ നടപടി നിയമപരമായി ചോദ്യം ചെയ്യാനാണ് സി.ഡിറ്റ് സംഘടനയുടെ നീക്കം. കോടതിയില്‍ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.