CrimeNews

മോഷണനാടകം പൊളിച്ച് പോലീസ്, കാറില്‍ നിന്ന് പണം പൊട്ടിച്ചെന്ന കേസിൽ ട്വിസ്റ്റ്

മാവൂർ: ഭാര്യപിതാവിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാതിരിക്കാൻ മോഷണ നാടകം കളിച്ചയാളും കൂട്ടാളികളും അറസ്റ്റിൽ. കോഴിക്കോട് പൂവാട്ടുപറമ്പിൽ സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിൽനിന്ന് 40.25 ലക്ഷം രൂപ കവർന്നുവെന്നായിരുന്നു വ്യാജ പരാതി. പരാതിക്കാരനായ ആനക്കുഴിക്കര മാരിക്കോളനിനിലം റഹീസ് ഉൾപ്പെടെ രണ്ട് പേരെ തട്ടിപ്പിന് കേസെടുത്ത് അറസ്റ്റ് ചെയ്തു.

ബുധനാഴ്ചയാണ് ആശുപത്രി പരിസരത്ത് നിർത്തിയിട്ട കാറിൽനിന്ന് 40.25 ലക്ഷം രൂപ കവർന്നുവെന്ന് റഹീസ് മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകിയത്. കാറിന്റെ ഗ്ലാസ് തകർത്താണ് പണം കവർന്നതെന്നും ഡിക്കിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സൂക്ഷിച്ച 40 ലക്ഷം രൂപയാണ് നഷ്ടമായതെന്നുമായിരുന്നു റഹീസിന്റെ പരാതി. ബോണറ്റിൽ സൂക്ഷിച്ചിരുന്ന 25,000 രൂപ നഷ്ടപ്പെട്ടതായും പരാതിയിലുണ്ടായിരുന്നു.

പരാതി ലഭിച്ചതിന് പിന്നാലെ റഹീസിനെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനേത്തുടർന്ന് ചില സംശയങ്ങളും പോലീസിന് തോന്നി. പണത്തിന്റെ ഉറവിടം സംബന്ധിച്ചോ, ഇത് എങ്ങനെ കാറിലെത്തി എന്നതിനെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ പരാതിക്കാരൻ പോലീസിന് നൽകിയിരുന്നില്ല. പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടുപേർ ചാക്കുകെട്ടുമായി പോകുന്ന സിസിടിവിദൃശ്യം ലഭിച്ചിരുന്നു. പിന്നീട് ഇവർ കടന്നുപോകുന്ന സ്‌കൂട്ടറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റഹീസിനുൾപ്പെടെ കവർച്ചയിൽ പങ്കുണ്ടെന്ന് വ്യക്തമായത്. സ്‌കൂട്ടറിൽ പോയത് റഹീസിന്റെ സുഹൃത്തുക്കളാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പരാതി വ്യാജമെന്ന് പോലീസ് സ്ഥിരീകരിച്ചത്.

പണത്തിന്റെ ഉറവിടം സംബന്ധിച്ച ചില രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും അതിന്റെ നിജസ്ഥിതി പരിശോധിക്കുമെന്നും എ.സി.പി. എ. ഉമേഷ് പറഞ്ഞു. ‘അതിന് ശേഷം മറ്റ് നടപടികൾ സ്വീകരിക്കും. വണ്ടിയിൽ പണം ഉണ്ടായിരുന്നില്ല. ഒരു രൂപ പോലും ഉണ്ടായിരുന്നില്ല. എടുത്തുകൊണ്ടുപോയത് ഡമ്മിയാണ്. ചാക്കിൽപണം ഉണ്ടായിരുന്നില്ല. അത് ദൃശ്യങ്ങൾ കണ്ടാലറിയാം. അവരുടേത് കൃത്യമായ പ്ലാനിങ്ങായിരുന്നു. ഞങ്ങൾ അതിൽ കൃത്യമായി അന്വേഷിച്ചു.’- ഉമേഷ് കൂട്ടിച്ചേർത്തു.