
തൊടുപുഴയിൽ കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. കലയന്താനി ചെത്തിമറ്റത്തെ ഗോഡൗണിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ബിജുവിന്റെ ബിസിനസ്സ് പങ്കാളിയായിരുന്ന ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. മാൻഹോളിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭിത്തിയടക്കം തുരന്നാണ് മൃതദേഹം പുറത്തെടുത്തത്. ശനിയാഴ്ച മുതൽ ബിജുവിനെ കാണാതായെന്ന് ഭാര്യ പൊലീസിൽ പരാതിനൽകിയിരുന്നു.
ബിജുവിന്റെ കൊലപാതകത്തിൽ ക്വട്ടേഷൻ നൽകിയ ബിസിനസ് പങ്കാളിയും രണ്ട് ഗുണ്ടകളും നേരത്തെ പിടിയിലായിരുന്നു. ബിജുവിനെ കൊന്ന് മാൻഹോളിൽ ഒളിപ്പിച്ചെന്നായിരുന്നു പ്രതികൾ പൊലീസിന് നൽകിയ മൊഴി. ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന മാലിന്യ സംസ്‌കരണ കുഴിയിലേക്ക് പോകുന്ന മാൻഹോളിനാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മുകളിൽ മാലിന്യങ്ങൾ തള്ളിയ നിലയിലായിരുന്നു.
ഒന്നാം പ്രതി ജോമോനാണ് ക്വട്ടേഷൻ കൊടുത്തതെന്ന് എസ്പി ടി.കെ.വിഷ്ണു പ്രദീപ് പറഞ്ഞു. കൊല്ലപ്പെട്ട ബിജു ജോസഫും ജോസഫും ‘ദേവമാതാ’ എന്ന എന്ന പേരിലുള്ള കാറ്ററിങ് സ്ഥാപനവും മൊബൈൽ മോർച്ചറിയും നടത്തിയിരുന്നു. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടായി. കോടതിയിൽ കേസും നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.
വ്യാഴാഴ്ച രാവിലെ കാറിലാണ് ബിജുവിനെ പ്രതികൾ തട്ടിക്കൊണ്ടുപോയത്. കാറിൽവച്ചുതന്നെ ബിജു കൊല്ലപ്പെട്ടതായി പൊലീസ് പറയുന്നു. ശേഷം പത്തുമണിയോടെയാണ് പ്രതികൾ മൃതദേഹം ഗോഡൗണിലെത്തിക്കുന്നത്.
കാണാനില്ലെന്ന കേസാണ് ആദ്യം രജിസ്റ്റർ ചെയ്തത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്‌നങ്ങളും തർക്കങ്ങളുമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. അത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് മനസിലായത്. പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചത്.