CrimeNews

കണ്ണൂരിൽ ഒരാൾ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ

കണ്ണൂർ കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോഡ്രൈവർ രാധാകൃഷ്ണൻ (49) വെടിയേറ്റ് മരിച്ചു. പ്രതി പെരുമ്പടവ് സ്വദേശി സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൈതപ്രം വായനശാലയ്ക്ക് സമീപം രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ വ്യാഴാഴ്ച വൈകുന്നേരം ഏഴരയോടെയാണ് സംഭവം.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വീടിനുള്ളിൽ വെടിയേറ്റ രാധാകൃഷ്ണനെ കണ്ടത്. ഉടൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നെഞ്ചിലാണ് വെടിയേറ്റത്. പോസ്റ്റുമോർട്ടം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച നടക്കും.

മദ്യലഹരിയിലായിരുന്ന സന്തോഷിനെ വീടിനുള്ളിൽനിന്നാണ് പരിയാരം പൊലീസ് പിടികൂടിയത്. കൊലപാതകത്തിനുപയോഗിച്ച തോക്ക് കണ്ടെത്തിയില്ല. തന്റെ ഭാര്യയെ സന്തോഷ് ശല്യംചെയ്യുന്നുവെന്നു പറഞ്ഞ് രാധാകൃഷ്ണൻ മാസങ്ങൾക്കുമുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. സന്തോഷ് മുമ്പ് ബസ് ക്ലീനറായിരുന്നു.

ഇരുവരും തമ്മിൽ നേരത്തെ ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്. തോക്ക് കണ്ടെത്തിയിട്ടില്ല.