News

നിർമലയും വിജയനും കൂടിക്കാഴ്ച്ച നടത്തിയത് എന്തിന്? മുഖ്യമന്ത്രിയുടെ മകളുടെ കേസ് എന്തായി? കേന്ദ്രമന്ത്രിയോട് വിശദാംശങ്ങൾ ചോദിച്ച് അഡ്വ. വീണ എസ്. നായർ

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും തമ്മിലുള്ള രഹസ്യ കൂടികാഴ്ച കേരളത്തിൽ രാഷ്ട്രിയ വിവാദമായിരിക്കുകയാണ്. അനൗദ്യോഗിക ചർച്ചയെന്നും ബ്രേക്ക് ഫാസ്റ്റ് മീറ്റിംഗ് എന്നൊക്കെയുള്ള ഓമന പേരാണ് മുഖ്യമന്ത്രി ഈ ചർച്ചയ്ക്ക് നൽകിയത്. കൂടുതൽ വിശദാംശങ്ങൾ മുഖ്യമന്ത്രി വെളിപ്പെടുത്തിയിട്ടില്ല. .

മകൾ വീണ വിജയൻ എസ് എഫ് ഐ ഒ അന്വേഷണം നേരിടുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ കൂടികാഴ്ച എന്നതാണ് രാഷ്ട്രീയ വിവാദത്തിന് കാരണം. മുഖ്യമന്ത്രി ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താത്ത സാഹചര്യത്തിൽ നിർമല സീതാരാമനോട് ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വീണ എസ് നായർ.

ഒപ്പം വീണ വിജയനെതിരെയുള്ള കേസിന്റെ നിലവിലെ സ്ഥിതിയും വ്യക്തമാക്കണമെന്ന് നിർമല സീതാരാമനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ധനമന്ത്രിക്ക് വീണ എസ് നായർ കത്ത് അയച്ചു. നിർമല സീതാരാമന് വീണ ട്വീറ്റും ചെയ്തിട്ടുണ്ട്.

Adv Veena Nair lettered to Nirmala Sitharaman about meeting with CM

മുഖ്യമന്ത്രി രഹസ്യമാക്കിയ കാര്യം നിർമല പുറത്ത് വിടുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. ഒപ്പം വീണ വിജയനെതിരെയുള്ള കേസിൻ്റെ മെല്ലെപ്പോക്കിലും കേന്ദ്ര ധനമന്ത്രി കാര്യങ്ങൾ വ്യക്തമാക്കേണ്ടി വരും. ഒത്തു തീർപ്പ് ചർച്ചയെന്നും മകൾക്ക് വേണ്ടിയാണ് മുഖ്യമന്ത്രി നിർമലയെ കണ്ടതെന്നും ഉള്ള പ്രതിപക്ഷ ആരോപണം പൊതുമണ്ഡലത്തിൽ ശക്തമാണ്.

മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ, വീണ വിജയനെതിരെയുള്ള സീരിയസ് ഫ്രോഡ് അന്വേഷണത്തിൻ്റെ നിലവിലെ അവസ്ഥ – ഇക്കാര്യങ്ങൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്ത് നൽകിയത്.

മുഖ്യമന്ത്രിയുടെ മകൾക്കെതിരെയും അവരുടെ കമ്പനിയായ എക്സലോജിക്കിനുമെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി 2024 ഫെബ്രുവരിയിൽ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം 8 മാസത്തിനുള്ളിൽ പൂർത്തീകരിക്കണം എന്നിരിക്കെ അന്വേഷണത്തിലെ കാലതാമസത്തിന്റെ കാരണങ്ങളെക്കുറിച്ചും അറിയാൻ താല്പര്യം അറിയിച്ചാണ് കത്ത് നൽകിയത്.