
താമരശ്ശേരി: ഈങ്ങാപ്പുഴ പുതുപ്പാടിയിൽ ലഹരിക്ക് അടിമയായ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. മറ്റ് രണ്ട് പേർക്ക് വെട്ടേറ്റു. യാസർ എന്ന യുവാവാണ് ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് കക്കാട് നാക്കിലമ്പാട് അബ്ദുറഹ്‌മാനും ഭാര്യ ഹസീനയ്ക്കുമാണ് വെട്ടേറ്റത്. അബ്ദുറ്ഹമാന്റെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരി ഉപയോഗിച്ച ശേഷമാണ് യാസർ ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. കഴുത്തിനേറ്റ വെട്ടാണ് ഷിബിലയുടെ മരണകാരണം.
വൈകിട്ട് ആറരയോടെയാണ് ആക്രമണം. കുടുംബ വഴക്കിനെത്തുടർന്ന് ഷിബില ഒരാഴ്ചയായി സ്വന്തം വീട്ടിലാണ് നിൽക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് യാസിറിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. പ്രതി യാസിർ ലഹരി ഉപയോഗിച്ച് നിരന്തരം ആക്രമിക്കാറുണ്ട് എന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്. താമരശ്ശേരി പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരുന്നത്.
ലഹരി മാഫിയയുടെ പ്രധാന കണ്ണിയാണ് യാസർ എന്നാണ് നാട്ടുകാർ പറയുന്നത്. യാസർ ഷിബിലയെ നിരന്തരം ഉപദ്രവിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ലഹരി ഉപയോഗിച്ച് ബേധം നഷ്ടപ്പെട്ട യാസർ ഷിബിലയുടെയും കുട്ടിയുടെയും വസ്ത്രങ്ങൾ ഉൾപ്പെടെ കത്തിച്ചുവെന്നും നാട്ടുകാർ പറഞ്ഞു. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട യാസറിനെ പിടികൂടാനായില്ല.
2020ലാണ് യാസിറിന്റെയും ഷിബിലയുടെയും പ്രണയവിവാഹം നടന്നത്. പിന്നീട് യാസർ ആക്രമിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നത് പതിവായെന്നും ഷിബിലയുടെ പരാതിയിൽ പറയുന്നുണ്ട്. നേരത്തെയും പ്രശ്നങ്ങളുണ്ടായപ്പോൾ മധ്യസ്ഥത വഹിച്ചുമുന്നോട്ട് പോയി. തന്റെ സ്വർണം പണയം വെച്ച പണം കൊണ്ട് യാസിർ ലഹരി ഉപയോഗിച്ചും മറ്റു ധൂർത്തടിക്കുകയുമായിരുന്നു, ലഹരി ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്നും ഷിബിലയുടെ പരാതിയിലുണ്ട്. നിരന്തരമുള്ള മർദനം സഹിക്കവയ്യാതെയാണ് ഷിബില ദിവസങ്ങൾക്ക് മുമ്പ് സ്വന്തം വീട്ടിലെത്തിയത്.
തന്റെയും മകളുടെയും വസ്ത്രം ഭർതൃവീട്ടിൽനിന്ന് തിരിച്ചെടുക്കാൻ അനുവദിക്കണമെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ഷിബില പരാതി നൽകിയിരുന്നത്. എന്നാൽ പോലീസ് യാസിറിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നല്ലാതെ ഒരു തരത്തിലുള്ള നടപടികളും എടുത്തില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഷിബിലയുടെ പരാതിക്ക് പിന്നാലെ യാസർ ഇവരുടെ വസ്ത്രം കൂട്ടിയിട്ട് കത്തിക്കുകയും അത് സ്റ്റാറ്റസ് ആക്കി വെക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു. നോമ്പു തുറക്കുന്ന സമയം കാറിലെത്തിയാണ് യാസിർ ഷിബിലയ്ക്കും കുടുംബത്തിനും നേരെ ആക്രമണം നടത്തിയത്. പ്രതി പിന്നീട് രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.