
കേരളത്തിൽ പ്രിയങ്ക ഗാന്ധി നയിക്കണം! വിജയം ഉറപ്പിക്കാൻ ഹൈക്കമാന്റിന്റെ പദ്ധതികള്‍
തിരുവനന്തപുരം: ഒരുവർഷം മാത്രം ബാക്കിനിൽക്കുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങൾ ആരംഭിച്ച് മുന്നണികൾ. മൂന്നാമതും ഇടത് സർക്കാർ എന്ന് ഉറപ്പിച്ചാണ് സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ശക്തമായ സർക്കാർ വിരുദ്ധ മനോഭാവം പിണറായി ഭരണത്തിന് അന്ത്യം കുറിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. 100 സീറ്റിന് മുകളിൽ ലക്ഷ്യമിട്ട് യുഡിഎഫ് തിരഞ്ഞെടുപ്പിന് ഇറങ്ങുമ്പോൾ ആ ലക്ഷ്യത്തിലേക്ക് നയിക്കാൻ വയനാട് എംപി പ്രിയങ്ക ഗാന്ധിയെ നിയോഗിക്കുന്നതിനെക്കുറിച്ച് ഹൈക്കമാന്റിൽ ആലോചന.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. സംഘടനാദൗർബല്യങ്ങൾ പരിഹരിച്ചും സർക്കാർ വിരുദ്ധ ജനവികാരം വോട്ടാക്കി മാറ്റിയും മുന്നോട്ടുപോകാൻ നിർദ്ദേശിക്കുന്ന സംസ്ഥാന നേതൃത്വത്തെയും യുഡിഎഫ് ഘടകകക്ഷികളെയും ദീപദാസ് കഴിഞ്ഞദിവസം നേരിട്ട് കണ്ട് ചർച്ച നടത്തിയിരുന്നു.
കോൺഗ്രസ് നേതൃത്വത്തിലെ നേതാക്കളുടെ അഭിപ്രായങ്ങളെ മാനിച്ച് ഒരുമിച്ച് കൊണ്ടുപോകാൻ ഒരു ദേശീയ നേതാവ് കേരളത്തിൽ പ്രവർത്തിക്കുന്നത് നല്ലതായിരിക്കുമെന്നാണ് വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കാൻ പ്രിയങ്ക പ്രത്യേക സമിതിയെ നയിക്കണമെന്ന് ദാസ് മുൻസി ശുപാർശ ചെയ്തു.
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിൽ കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും പാർട്ടിയുടെ ഉന്നതരും സംസ്ഥാനത്തെ ആഭ്യന്തര പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു. ചർച്ചകളിൽ പ്രിയങ്ക സജീവ പങ്കുവഹിച്ചു, യോഗത്തിന് ശേഷം ദാസ് മുൻസി കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (യുഡിഎഫ്) സഖ്യകക്ഷികളുമായി ചർച്ച നടത്തി.

കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലെ കല്ലുകടികളിൽ ഘടകകക്ഷികൾക്ക് ഉത്കണ്ഠയുണ്ടെന്ന കാര്യമാണ് ദീപ ദാസ് മുൻഷി കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. നിരവധി അഴിമതികളും അഴിമതിയാരോപണങ്ങളും ഉണ്ടായിരുന്നിട്ടും, 2016ൽ അധികാരമേറ്റതു മുതൽ പിണറായി വിജയന്റെ കീഴിൽ സിപിഎം പൊതു അച്ചടക്കം പാലിക്കുന്നുവെന്നും എന്നാൽ കോൺഗ്രസിൽ വോട്ടർമാരെ മാറ്റി ചിന്തിക്കുന്ന തരത്തിൽ ആഭ്യന്തര തർക്കങ്ങൾ പരസ്യമായി പ്രചരിപ്പിക്കുന്നത് കോൺഗ്രസ് തുടരുകയാണെന്നുമാണ് ഘടകക്ഷികൾ ചൂണ്ടിക്കാട്ടിയത്.
ഡൽഹി യോഗത്തിനു ശേഷമുള്ള കോൺഗ്രസിന്റെ ഐക്യത്തിന്റെ ആദ്യ പ്രധാന പരീക്ഷണം നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പാണ്. രണ്ട് തവണ ഇടത് പിന്തുണയോടെ വിജയിച്ച പിവി അൻവർ പിണറായി വിജയനുമായി അകന്നതിന് ശേഷമാണ് എംഎൽഎ സ്ഥാനം രാജിവെച്ചത്. നിലമ്പൂർ കഴിഞ്ഞാലുടൻ തദ്ദേശ തെരഞ്ഞെടുപ്പാണ് കോൺഗ്രസിന് മുന്നിലുള്ള അടുത്ത വെല്ലുവിളി.