Crime

കളമശ്ശേരി പോ​ളി​ടെ​ക്നി​ക് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച മുഖ്യപ്രതി അനുരാജ് പിടിയില്‍

കൊച്ചി: കളമശ്ശേരി ഗവൺമെന്റ് പോളിടെക്‌നിക് കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. പോളിടെക്‌നിക്കിലെ മൂന്നാം വർഷ വിദ്യാർഥിയും കൊല്ലം സ്വദേശിയുമായ അനുരാജിനെയാണ് പൊലീസ് പിടികൂടിയത്.

അനുരാജ് ആണ് കോളജ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് മറ്റ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. നാലു കിലോഗ്രാം കഞ്ചാവ് വാങ്ങിയ അനുരാജ്, രണ്ടുകിലോഗ്രാം ഹോസ്റ്റലിൽ എത്തിച്ചെന്നാണ് വിവരം. ഇയാളുടെ സാമ്പത്തിക ഇടപാടുകളടക്കം പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിക്കും.

കോളജിൽ കഞ്ചാവ് എത്തിച്ചതിന്റെ ഇടനിലക്കാരായ പൂർവ വിദ്യാർഥികളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പൂർവ വിദ്യാർഥികളായ ആഷിഖ്, ഷാരിൽ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

വ്യാഴാഴ്ച രാത്രിയിലാണ് കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ കഞ്ചാവ് വേട്ട നടന്നത്. ഏഴ് മണിക്കൂർ നീണ്ട മിന്നൽ പരിശോധനയിൽ പൊലീസ് രണ്ടുകിലോ കഞ്ചാവ് പിടികൂടി. ഹോളി ആഘോഷത്തിന് ഹോസ്റ്റലിൽ വൻതോതിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു കോളജിൻറെ പെരിയാർ ഹോസ്റ്റലിൽ പരിശോധന.

കോളജ് എസ്.എഫ്.ഐ യൂനിയൻ ജനറൽ സെക്രട്ടറിയടക്കം മൂന്ന് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. മൂന്നാം വർഷ വിദ്യാർഥികളായ കൊല്ലം വില്ലുമല പുത്തൻവീട് അടവിക്കോണത്ത് എം. ആകാശ് (21), ആലപ്പുഴ ഹരിപ്പാട് കാട്ടുകൊയ്ക്കൽ വീട്ടിൽ ആദിത്യൻ (20), കോളജ് എസ്.എഫ്.ഐ യൂനിയൻ ജനറൽ സെക്രട്ടറി കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പനംതറയിൽ വീട്ടിൽ ആർ. അഭിരാജ് (21) എന്നിവരാണ് അറസ്റ്റിലായത്.