MediaNews

ശ്രീകണ്ഠൻ നായരെ തകർത്ത് സ്വന്തം റിപ്പോർട്ടർമാർ! 24 ന്യൂസിൽ ഇന്റേണൽ എമർജൻസി

മലയാളികൾക്ക് പ്രിയപ്പെട്ട വാർത്താ ചാനലുകളിൽ മുൻനിരയിലാണ് 24 ന്യൂസിന്റെ സ്ഥാനം. വാർത്താ ചാനലിലെ ഒന്നാമനായ ഏഷ്യാനെറ്റ് ന്യൂസിനൊപ്പം തലപ്പൊക്കത്തോടെ നിൽക്കാൻ 24 ന്യൂസിന് സാധിച്ചിട്ടുള്ളത് ആർ. ശ്രീകണ്ഠൻ നായർ എന്ന സ്ഥാപനമേധാവിയുടെ നിരന്തര പ്രവർത്തനത്തിലൂടെയാണ്. മത്സരബുദ്ധിയിൽ പലതൂക്കം മുന്നിൽ നിൽക്കുന്ന ശ്രീകണ്ഠൻ നായരുടെ മറ്റൊരു മുഖം മുതിർന്ന രണ്ട് ചാനൽ റിപ്പോർട്ടർ നേരിട്ടറിഞ്ഞിരിക്കുകയാണ്. സിപിഎം സംസ്ഥാന സമ്മേളന റിപ്പോർട്ടിങിൽ 24ന് ചാനലിന് പല സുപ്രധാന വാർത്തകൾ നഷ്ടപ്പെട്ടതും പ്രകടനത്തില്‍ തിളങ്ങാതെ പോയതുമാണ് എസ്.കെ.എൻ എന്ന ശ്രീകണ്ഠൻ നായരെ ചൊടിപ്പിച്ചത്. ഇതിന് കാരണമായത് രണ്ട് റിപ്പോർട്ടർമാരുടെ നിസ്സഹകരണമാണെന്ന് അറിഞ്ഞതോടെയാണ് എസ്.കെ.എന്നിന് ഇരുവരെയും ശകാരിക്കേണ്ടി വന്നത്.

സിപിഎം വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ പരിണിത പ്രജ്ഞരായ രണ്ട് മാധ്യമപ്രവർത്തകരാണ് 24ന്യൂസിനുള്ളത്. ദീപക് ധർമ്മടവും ആർ ശ്രീജിത്തും. ആർ. ശ്രീജിത്ത് തിരുവനന്തപുരം റീജ്യണൽ ബ്യൂറോ ചീഫും ദീപക് ധർമ്മടം എക്‌സിക്യൂട്ടീവ് എഡിറ്ററുമാണ്. ഇരുവരുടെയും റിപ്പോർട്ടിംഗ് ശൈലി നേർവിപരീതമാണെന്നതാണ് ചാനലിനെ പ്രതിസന്ധിയിലാക്കിയത്. സിപിഎമ്മിനെ മറുപക്ഷത്ത് നിർത്തുന്ന റിപ്പോർട്ടുകൾ പുറത്തുവിടാറുള്ള ശ്രീജിത്തും സിപിഎം നേതൃത്വത്തിനൊപ്പം ചേർന്ന് നിന്ന് റിപ്പോർട്ട് ചെയ്യാറുള്ള ദീപക്കും കൊല്ലത്ത് എത്തിയപ്പോൾ 24ന്യൂസ് ചാനൽ ത്രിശങ്കുവിലാകുകയായിരുന്നു.

ഇരുവരെയും ഒന്നിച്ച് സമ്മേളന റിപ്പോർട്ടിങ്ങിന് നിയോഗിച്ചപ്പോൾ പരസ്പരമുള്ള ഈഗോ കാരണം പല വാർത്തകളും മുങ്ങിപ്പോയി. പാർട്ടി പദവികളിൽ നിന്നൊഴിവാക്കപ്പെട്ട എകെ ബാലൻ കൊല്ലത്ത് പൊട്ടിക്കരഞ്ഞപ്പോൾ ശ്രീജിത്ത് തൊട്ടടുത്ത് ഉണ്ടായിരുന്നെങ്കിലും വേണ്ടതുപോലെ കൈകാര്യം ചെയ്തില്ലെന്നും ശ്രീകണ്ഠൻ നായർ പറയുന്നു. ഇങ്ങനെ വിവരങ്ങളെല്ലാം അന്വേഷിച്ചറിഞ്ഞ ശേഷമാണ് ചീഫ് എഡിറ്ററെന്ന നിലയ്ക്കുള്ള രോഷപ്രകടനം.

ചാനലിലെ ജേർണലിസ്റ്റുകൾക്ക് ശ്രീകണ്ഠൻ നായർ കഴിഞ്ഞദിവസം അയച്ച സന്ദേശം ഇങ്ങനെ:

‘സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത് എന്നുള്ളത് എനിക്ക് ഭയങ്കരമായിട്ട് സംശയം തോന്നുകയാണ്. ഈഗോ നിങ്ങൾക്ക് പിന്നെ പിടിക്കാമായിരുന്നല്ലോ, സ്ഥാപനം നന്നായി പോകട്ടെന്നുള്ളതല്ലേ വേണ്ടത്…. നമ്മളീ മത്സരത്തിന്റെ മുനമ്പിൽ ലീഡ് ചെയ്യുന്ന സമയത്ത്, കൊല്ലത്ത് പോയിക്കിടന്ന് ഇങ്ങനൊക്കെയുള്ള പോരാട്ടങ്ങൾ നടത്തുന്നവര് ഈ സ്ഥാപനത്തോട് ചെയ്യുന്ന ദ്രോഹമെന്താണെന്ന് ഇവരൊക്കെ ആലോചിക്കുന്നുണ്ടോ? ഞാനിപ്പോ ഇത്രമാത്രമേ പറയുന്നുള്ളൂ, മെന്റലി ഞാൻ വളരെ രോഷത്തിലാണെന്ന് കൂടി നിങ്ങൾ മനസിലാക്കുക.”

സിപിഎം സമ്മേളനത്തിന്റെ റിപ്പോർട്ടിങ്ങിനിടെ മുതിർന്ന രണ്ട് ജേണലിസ്റ്റുകൾ തമ്മിലുണ്ടായ ഈഗോ പ്രശ്‌നങ്ങൾ സ്ഥാപനത്തിന്റെ പ്രകടനത്തെ ബാധിച്ചുവെന്നും ഇക്കാര്യത്തിൽ ഇരുവരും വിശദീകരണം നൽകണമെന്നും ആണ് അതീവ രോഷാകുലനായി ശ്രീകണ്ഠൻ നായർ ആവശ്യപ്പെടുന്നത്. ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും പണ്ടത്തേത് പോലുള്ള പരിഗണനയുടെ കടയെല്ലാം അടയ്ക്കുകയാണെന്നും അദ്ദേഹം പറയുന്നു. ചാനലിൽ ‘ഇന്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ് എന്ന അസാധാരണ പ്രയോഗവും ഇതിനൊടുവിൽ അദ്ദേഹം നടത്തുന്നുണ്ട്.

ഇതോടുകൂടി മുതിർന്ന റിപ്പോർട്ടർമാർക്കെതിരെ സ്ഥാനപത്തിന്റെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്.