
കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മൂന്ന് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ പോളിടെക്നിക്ക് കൊളേജ് അധികൃതർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.
ഇന്നലെ രാത്രി കളമശേരി ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ രണ്ട് പേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഹോളി ആഘോഷത്തിനായാണു കഞ്ചാവ് എത്തിച്ചതെന്നും കഞ്ചാവ് വിതരണത്തിന് വിദ്യാർഥികളിൽ നിന്ന് പണപ്പിരിവ് നടത്തിയെന്നും പൊലീസ് പറയുന്നു.
ഹോസ്റ്റലിലെ രണ്ട് മുറികളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആദിൽ, ആകാശ് എന്നിവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത് 1.97 കിലോഗ്രാം കഞ്ചാവാണ്. ഈ സമയം ആകാശ് മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. ആകാശിപ്പോൾ കളമശേരി പൊലീസിൻ്റെ കസ്റ്റഡിയിലാണ്. അഭിരാജ്, ആദിത്യൻ എന്നിവരുടെ മുറിയിൽ നിന്ന് കണ്ടെടുത്തത് 9.7 ഗ്രാം കഞ്ചാവാണ്. ഈ സമയം യൂണിയൻ ഭാരവാഹി കൂടിയായ അഭിരാജും മുറിയിൽ ഉണ്ടായിരുന്നില്ല. തൃക്കാക്കര എസിപി പി.വി. ബേബി, നാർക്കോട്ടിക് എസിപി പി. അബ്ദുൽ സലാം എന്നിവരുടെ നേൃത്വത്തിലായിരുന്നു പരിശോധന.