CrimeNews

കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് വേട്ട, മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍; മദ്യക്കുപ്പികളും കോണ്ടവും കണ്ടെടുത്തു

കൊച്ചി: കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. ലഹരിക്ക് പിന്നില്‍ ആരെല്ലാം ഉണ്ട് എന്ന കാര്യം അന്വേഷിച്ച് വരുന്നതായി പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി 10.30 ഓടേയാണ് പരിശോധന ആരംഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രണ്ടുദിവസം മുന്‍പ് പ്രദേശത്ത് നിന്ന് ഒരു വിദ്യാര്‍ഥിയെ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്നാണ് ഹോളി ലക്ഷ്യമിട്ട് വന്‍തോതില്‍ കഞ്ചാവ് ഹോസ്റ്റലില്‍ എത്തുമെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്നാണ് കൃത്യമായ ക്രമീകരണത്തോടെ പൊലീസ് പരിശോധന ആരംഭിച്ചത്.

രണ്ടു മുറികളില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവിനൊപ്പം കഞ്ചാവ് തൂക്കിവില്‍ക്കുന്നതിനുള്ള ത്രാസ് അടക്കമുള്ള സാധനസാമഗ്രികളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് എത്തിയതിന് പിന്നാലെ മറ്റു വിദ്യാര്‍ഥികള്‍ ഇറങ്ങിയോടി. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചതിന് പിന്നില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഹോസ്റ്റലിലെ അലമാരയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവിന് പുറമേ മദ്യക്കുപ്പികള്‍, കോണ്ടം എന്നിവയും കണ്ടെടുത്തിട്ടുണ്ട്. പോളിടെക്‌നിക്കിലെ വിദ്യാര്‍ഥികളെ മാത്രം ലക്ഷ്യം വെച്ചാണോ കഞ്ചാവ് എത്തിച്ചത് എന്നതടക്കം അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. പോളിടെക്‌നിക് നില്‍ക്കുന്ന എച്ച്എംടി ജംഗ്ഷ്‌നിലും പരിസര പ്രദേശങ്ങളിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. ഇവിടെയുള്ള വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ടാണോ ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് എന്നടക്കം അന്വേഷിക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.