
ബാർ മുതലാളിമാർക്ക് കോടികളുടെ ആശ്വാസവുമായി സംസ്ഥാന സർക്കാർ; നികുതി കുടിശികയില്‍ വൻ ഇളവുകള്‍
സംസ്ഥാനത്തെ ബാർ മുതലാളിമാർക്ക് കോടികളുടെ ആശ്വാസവുമായി സംസ്ഥാന സർക്കാർ. ബാറുകാർക്ക് 2005 മുതൽ 2021 വരെയുള്ള കുടിശികകൾക്ക് ഫിനാൻസ് ബില്ലിൽ ആംനസ്റ്റി, പിഴ, പലിശ എന്നിവയിൽ മേൽ വൻ ഇളവ് പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി.
2005 മുതൽ വകുപ്പ് നടത്തിയ ബാർ പരിശോധനകൾ അപ്രസക്തമാകും. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ ഈ ഇളവ് ലഭിക്കും. ആദ്യമായിട്ടാണ് സംസ്ഥാനത്ത് ബാറുകൾക്ക് ഇങ്ങനെ ഒരു ആംനസ്റ്റി നൽകുന്നത്.
സർക്കാരിന് ബാർമുതലാളിമാർ നൽകേണ്ടിയിരുന്ന നികുതി കുടിശിക വരുത്തിയവർക്ക് അത് പൂർണ്ണമായും അടയ്ക്കാതെ വലിയൊരു തുക ഒഴിവാക്കി നൽകാനാണ് നീക്കം. ഇതോടുകൂടി ബാർ മുതലാളിമാരിൽ നിന്ന് ഖജനാവിൽ എത്തേണ്ട നികുതി പണത്തിൽ ഗണ്യമായ കുറവുണ്ടാകും. സ്വതവേ പണമില്ലാത്ത ഖജനാവിലേക്കുള്ള വരുമാനം ഒഴിവാക്കി സർക്കാർ മദ്യവ്യവസായികൾക്ക് കോടികൾ ലാഭമുണ്ടാക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്.

സംസ്ഥാന ചരിത്രത്തിൽ ബാർ മുതലാളിമാർക്ക് ഇത്രയും വലിയ സൗജന്യം ലഭിക്കുന്നത് ഇപ്പോഴാണ്. 2016 അബ്കാരി പോളിസി പ്രകാരം കോവിഡ് കാലത്ത് ചില ചെറിയ ഇളവുകൾ മാത്രമാണ് മുമ്പ് നൽകിയിട്ടുള്ളത്. ഇപ്പോൾ ഇത്രയും വലിയ ഇളവ് നൽകുന്നതിന് പിന്നിൽ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഫണ്ട് പിരിവാണെന്ന ആരോപണം ഉയരുന്നുണ്ട്.
കൃത്യമായി റിട്ടേൺ ഫയൽ ചെയ്ത് നികുതി ഒടുക്കാത്ത ബാറുകൾക്കും പലിശയിൽ 50% വും പിഴയിൽ പൂർണ്ണമായും ഇളവ് ലഭിക്കുന്നതിനാണ് വഴിയൊരുങ്ങുന്നത്. ഇത് കൃത്യമായി നികുതി അടക്കുന്ന ബാറുകാരെയും അതിൽ നിന്ന് പിന്തിരിപ്പിക്കുന്ന നടപടിയാണെന്നും വിലയിരുത്തുന്നുണ്ട്.