CrimeNews

ഇന്റർപോളിന്റെ വാണ്ടഡ് ക്രിമിനൽ വർക്കലയിൽ പിടിയിൽ

തിരുവനന്തപുരം: യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് (ഡിഒജെ) തിരയുന്ന അമേരിക്കയിൽ കോടിക്കണക്കിന് ഡോളിന്റെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ലിത്വാനിയൻ പൗരനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. 2022 ൽ യുഎസ് സർക്കാർ നിരോധിച്ച ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ഗാരന്റക്സിന്റെ സഹസ്ഥാപകൻ അലക്സെജ് ബെസ്സിയോക്കോവ് (Aleksej Besciokov) (46) ആണ് ചൊവ്വാഴ്ച വൈകുന്നേരം കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ വർക്കലയിൽ നിന്ന് അറസ്റ്റിലായത്.

അന്തർദേശീയ ഭീകരസംഘടനകൾക്ക് കോടിക്കണക്കിന് ഡോളർ കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായം ചെയ്ത ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് നടത്തിയതിനാണ് ഇയാൾക്കെതിരെ കുറ്റം. ഇയാളെ പിടികൂടാൻ ന്യൂഡൽഹിയിലെ പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിൽ നിന്ന് വർക്കല പോലീസിന് നിർദ്ദേശം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്.

ഇയാളെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കാൻ നിർദേശം നൽകി. കുറ്റവാളിയെ പിടികൂടി കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്യാൻ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് ഉണ്ടായിരുന്നു. നടപടിക്രമങ്ങൾ പ്രകാരം രണ്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിലേക്ക് ട്രെയിൻ മാർഗം മാറ്റും.

കോടതി രേഖകൾ അനുസരിച്ച്, 2019 മുതൽ 2025 വരെ, റഷ്യൻ പൗരനായ അലക്സാണ്ടർ മിറ സെർഡയും ഇപ്പോൾ പിടിയിലായ അലക്സെജ് ബെസ്സിയോക്കോവും, അന്തർദേശീയ ക്രിമിനൽ സംഘടനകൾക്ക് (ഭീകര സംഘടനകൾ ഉൾപ്പെടെ) കള്ളപ്പണം വെളുപ്പിക്കുന്നതിനും ഉപരോധ ലംഘനങ്ങൾക്കും സഹായിച്ചതായി ആരോപിക്കപ്പെടുന്ന ഒരു ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ഗാരന്റക്സിനെ നിയന്ത്രിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്തുവെന്നതാണ് ഇയാളുടെ പേരിലുള്ള കുറ്റം. ഏപ്രിൽ 2019 മുതൽ, ഗാരന്റക്‌സ് ക്രിപ്റ്റോകറൻസി ഇടപാടുകളിൽ കുറഞ്ഞത് 96 ബില്യൺ ഡോളർ (എട്ടുലക്ഷം കോടി രൂപയുടെ) ഇടപാടുകളാണ് ഇവർ നടത്തിയതെന്നാണ് കോടതി രേഖകൾ.

ഭീകരസംഘടനകൾക്ക് സഹായം ചെയ്യുന്നതുവരെ ഗരാന്റക്സിന് ദശലക്ഷക്കണക്കിന് ക്രിമിനൽ വരുമാനം ലഭിച്ചു, ഹാക്കിംഗ്, തീവ്രവാദം, മയക്കുമരുന്ന് കടത്ത് എന്നിവയുൾപ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങൾ സുഗമമാക്കാൻ ഇവരുടെ സേവനം ഉപയോഗിക്കുകയായിരുന്നു.

മീര സെർഡയ്ക്കും ബെസ്സിയോക്കോവിനുമെതിരെ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഗൂഢാലോചനയുടെ കുറ്റമാണ് ചുമത്തിയിരിക്കുന്നത്, ഇതിന് പരമാവധി 20 വർഷം തടവ് ശിക്ഷ ലഭിക്കും.