CrimeNews

സിപിഎമ്മിന്റെ ഭീഷണിക്ക് പിന്നാലെ സ്ഥലംമാറ്റം; രണ്ട് എസ്ഐമാരെ തലശ്ശേരിയില്‍ നിന്ന് മാറ്റി

കണ്ണൂർ: തലശ്ശേരി പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്‌ഐമാരെയും സ്ഥലംമാറ്റി. മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് നടപടി. തലശ്ശേരി എസ്‌ഐമാരായ ടി.കെ.അഖിൽ, ദീപ്തി എന്നിവരെയാണ് സ്ഥലം മാറ്റിയത്.

പൊലീസിനെ ആക്രമിച്ചതിനും പ്രതിയെ ബലമായി മോചിപ്പിച്ചതിനും സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. അഖിലിനെ കൊളവല്ലൂർ സ്റ്റേഷനിലേക്കും ദീപ്തിയെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്.

ഫെബ്രുവരി ഇരുപതാം തിയതി തലശ്ശേരി മണോളിക്കാവിൽ ബിജെപിയും സിപിഎം തമ്മിൽ നടന്ന സംഘർഷത്തിൽ പോലീസ് ഇടപെട്ടിരുന്നു. സ്ഥലത്തെത്തിയ പോലീസുകാരെ സിപിഎം പ്രവർത്തകർ ഉപരോധിച്ചിരുന്നു. ‘കേരളം ഭരിക്കുന്നത് ഞങ്ങളാണ്, കാവിൽ കയറി കളിക്കണ്ട, കാവിൽ കയറി കളിച്ചാൽ സ്റ്റേഷനിൽ ഒരൊറ്റ പോലീസുകാരും കാണില്ല’ എന്ന് സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് അവർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

സംഭവം നടന്നതിന്റെ അടുത്ത ദിവസം കാവിലെത്തിയ പോലീസ് സിപിഎം പ്രവർത്തകരിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് മടങ്ങുമ്പോൾ ഗേറ്റ് പൂട്ടി പോലീസ് വാഹനം തടഞ്ഞ് പ്രതിയെ സിപിഎം പ്രവർത്തകർ മോചിപ്പിച്ച് തിരികെ കൊണ്ടുപോവുകയായിരുന്നു. സംഘർഷത്തിനുകാരണമായ രണ്ടു സംഭവങ്ങളിലായി സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 82 രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കേസ് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് രണ്ട് എസ്ഐമാരെ സ്ഥലംമാറ്റിയിരിക്കുന്നത്.