CrimeNews

കഞ്ചാവ് കടത്താൻ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദനം; മൂന്നുപേർ പിടിയിൽ

കഞ്ചാവ് കടത്താൻ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദിച്ച മൂന്നു പേര്‍ പിടിയിൽ. പാലക്കാട് കൊല്ലങ്കോട് സ്വദേശി അബ്ബാസ് ആണ് മര്‍ദനത്തിനിരയായത്.

ചന്ദ്രനഗർ സ്വദേശികളായ സ്മിഗേഷ്, ജിതിൻ, അനീഷ് എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. ആക്രമണത്തില്‍ കൂടുതൽ പ്രതികളുണ്ടെന്നും അവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

മാര്‍ച്ച് ഒന്നിന് വൈകിട്ട് 4.30നാണ് സംഭവം. മൂന്നു പേര്‍ ഓട്ടം വിളിച്ച് ഒഴിഞ്ഞ കാടുനിറഞ്ഞ സ്ഥലത്തേക്ക് പോകാൻ ആവശ്യപ്പെടുകയായിരുന്നു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും കഴുത്തിന് പിടിച്ച് മര്‍ദിച്ചെന്നും അബ്ബാസ് പറഞ്ഞു. നിര്‍ബന്ധിച്ചുകൊണ്ട് കാടിന് സമീപത്തേക്ക് ഓട്ടോ എത്തിച്ചു. തുടര്‍ന്ന് കൂടുതൽ ആളുകളെ വിളിച്ചുവരുത്തി 12ഓളം പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കഞ്ചാവ് കടത്താനാണെന്ന് മനസ്സിലാക്കി പറ്റില്ലെന്ന് പറഞ്ഞതോടെയായിരുന്നു മര്‍ദനം.

ചെവിയിലും മുഖത്തും ശരീരമാകെയും അടിച്ചു. സംഭവത്തിനുശേഷം ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ തേടുകയായിരുന്നുവെന്നും അബ്ബാസ് പറഞ്ഞു. പിടിയിലായവരിൽ രണ്ടു പേര്‍ കൊലപാതക ശ്രമം, കഞ്ചാവ് കടത്ത് കേസുകളിലടക്കം പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.