
മന്ത്രി ശിവൻകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ഹൃദയസംബന്ധമായ അവശതകളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശാരീരിക അവശതകളെത്തുടർന്ന വിശ്രമത്തിലായിരുന്നു മന്ത്രി.
കൊല്ലത്ത് നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലും ഇന്നലെ മുതൽ പുനരാരംഭിച്ച നിയമസഭാ സമ്മേളനത്തിലും മന്ത്രിക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇനിയും ഒരാഴ്ച്ച കൂടി വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. ഇന്നലെ അടിയന്തര പ്രമേയ നോട്ടീസിന് ശിവൻകുട്ടിക്ക് പകരം ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് മറുപടി പറഞ്ഞത്. ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തിന്റെ ശക്തി കുറഞ്ഞതോടെയാണ് ശിവൻകുട്ടി ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടുതുടങ്ങിയത്.
ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പനി ബാധിച്ച് നിയമസഭാ സമ്മേളനത്തിൽപങ്കെടുക്കുന്നില്ല. അദ്ദേഹത്തിനും ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്. കഴിഞ്ഞവർഷമാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന് ഹൃദയാഘാതം സംഭവിച്ചത്. മെഡിക്കൽ കോളേജിലെ ചികിത്സക്ക് ശേഷം അദ്ദേഹം പൊതുരംഗത്തേക്ക് സജീവമാകുകയായിരുന്നു.