
കുടിശിക സർക്കാർ! ജലജീവൻ മിഷൻ കരാറുകാർക്ക് കുടിശിക 4371.32 കോടി
കുടിശിക സർക്കാരോ? സർവ്വ മേഖലയിലും കുടിശിക കോടികൾ ആയി ഉയർന്നതോടെ പിണറായി സർക്കാരിനെ കുടിശിക സർക്കാർ എന്നാണ് പ്രതിപക്ഷം വിളിക്കുന്നത്.
സൂക്ഷ്മമായി പരിശോധിച്ചാൽ ഈ വിളി കാര്യമാത്ര പ്രസക്തമാണുതാനും. ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ലക്ഷം കോടിയുടെ ആനുകൂല്യങ്ങൾ ആണ് സർക്കാർ കുടിശികയാക്കിയത്. ക്ഷേമ പെൻഷൻകാർക്ക് 3000 കോടി കുടിശിക നൽകാനുണ്ട്. ക്ഷേമനിധി ബോർഡ് പെൻഷൻ കുടിശിക 2200 കോടിയായി.
ആശാ വർക്കർമാർ മുതൽ അംഗനവാടി ജീവനക്കാർക്ക് വരെ കുടിശികയുണ്ട്. ജലജീവൻ പദ്ധതിയിൽ കരാറുകാർക്ക് കുടിശിക 4371.32 കോടിയായി എന്ന് ജല മന്ത്രി റോഷി അഗസ്റ്റിൽ മാർച്ച് 10 ന് നിയമസഭയിൽ മറുപടി നൽകിയിരുന്നു.
ഇത്രയും കുടിശിക ഉണ്ടായിട്ടും 2025- 26 സാമ്പത്തിക വർഷത്തെ ജലജീവൻ മിഷൻ്റെ ബജറ്റ് വിഹിതമായി 560 കോടി രൂപ മാത്രമാണ് സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നത്. കരാറുകാരുടെ കുടിശിക 2025- 26 സാമ്പത്തിക വർഷവും കിട്ടില്ലെന്ന് ഇതോടെ വ്യക്തം. 2026 ലെ അടുത്ത സർക്കാരിൻ്റെ തലയിൽ കുടിശികകൾ കൈമാറി കെ.എൻ. ബാലഗോപാൽ ധന കസേര ഒഴിയും.