
വൈദ്യുതി വകുപ്പിന് കിട്ടാനുള്ളത് 2164.06 കോടി രൂപ; സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കാനുള്ളത് 1012.29 കോടി
2024 ഡിസംബർ 31 വരെയുള്ള റിപ്പോർട്ട് പ്രകാരം കേരള സംസ്ഥാന വൈദ്യുതി ബോർഡിന് വൈദ്യുതി ചാർജ്ജ് കുടിശ്ശികയിനത്തിൽ 2164.06 കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ടെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. 2164 കോടി കുടിശികയിൽ ആകെ 318 കോടി രൂപമാത്രമാണ് ഗാർഹിക വൈദ്യുതി കണക്ഷനുകളിൽ നിന്ന് പിരിഞ്ഞുകിട്ടാനുള്ളതെന്ന് മന്ത്രിയുടെ കണക്ക് വ്യക്തമാക്കുന്നു. ബാക്കി തുകയിൽ ഭൂരിഭാഗവും സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളാണെന്നുള്ളതാണ് വസ്തുത.
വൈദ്യുതി ബോർഡിന് കിട്ടാനുള്ള തുകയുടെ കണക്കുകൾ ഇങ്ങനെ:
- സംസ്ഥാന സർക്കാർ വകുപ്പുകൾ: 74.94 കോടി രൂപ
- സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ (കേരള വാട്ടർ അതോറിറ്റി ഒഴികെ) : 158.56 കോടി രൂപ
- കേരള വാട്ടർ അതോറിറ്റി: 458.54 കോടി രൂപ
- കേന്ദ്രസർക്കാർ വകുപ്പുകൾ: 1.67 കോടി രൂപ
- കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങൾ: 37.40 കോടി രൂപ
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ: 3.42 കോടി രൂപ
- പൊതു സ്ഥാപനങ്ങൾ: 22.56 കോടി രൂപ
- ഗാർഹികം: 318.69 കോടി രൂപ
- സ്വകാര്യ സ്ഥാപനങ്ങൾ: 1012.29 കോടി രൂപ
- കാപ്റ്റീവ് പവർ പ്ലാന്റ്‌സ്: 59.34 കോടി രൂപ
- അന്തർ സംസ്ഥാന സ്ഥാപനങ്ങൾ : 2.84 കോടി രൂപ
- ലൈസൻസി: 13.67 കോടി രൂപ
- മറ്റിനം: 0.14 കോടി രൂപ
- ആകെ: 2164.06 കോടി രൂപ
കുടിശ്ശിക വരുത്തുന്ന സർക്കാർ സ്ഥാപനങ്ങളായ ആശുപത്രികൾ, പോലീസ്, കേരള വാട്ടർ അതോറിറ്റി പമ്പ് ഹൗസുകൾ, കൃഷി ഭവൻ ഉപഭോക്താക്കൾ ഇവയുടെ കണക്ഷൻ വിച്ഛേദിക്കാൻ ഗവൺമെന്റ് കമ്പനിയായ വൈദ്യുതി ബോർഡ് ലിമിറ്റഡിന് പരിമിതിയുള്ളതിനാൽ ഇത്തരം കടിശ്ശികകൾ സർക്കാർ ഇടപെടലിൽക്കൂടി കാലാകാലങ്ങളിൽ തീർപ്പാക്കി വരുന്നുവെന്നും മന്ത്രി കൃഷ്ണൻ കുട്ടി നിയമസഭയിൽ ടി സിദ്ദിഖ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.

കേരള വാട്ടർ അതോറിറ്റിയുടെ 31.10.2023 വരെയുള്ള വൈദ്യുതി കുടിശ്ശിക തുകയായ 2068.07 കോടി രൂപ (മുതൽ 1728.47 കോടി പലിശ 339.60 കോടി) തീർപ്പാക്കിയിട്ടുണ്ട്. അതിൻപ്രകാരം 2024-25 സാമ്പത്തിക വർഷം മുതൽ 206.80 കോടി രൂപ വീതം പത്ത് തുല്യ വാർഷിക ഗഡുക്കളായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന് നൽകുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്.
കുടിശ്ശിക വരുത്തുന്ന സ്ഥാപനങ്ങൾക്ക് (കേരള വാട്ടർ അതോറിറ്റി പമ്പ് ഹൗസുകൾ, പോലീസ്, ഗവൺമെന്റ് ആശുപത്രികൾ, കൃഷിഭവൻ ഉപഭോക്താക്കൾ എന്നിവ ഒഴികെ) കുടിശ്ശിക നോട്ടീസുകൾ നൽകുകയും തുടർന്നും അടവ് വരുത്താത്ത ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും, ഡിസ്മാന്റിൽ ചെയ്ത് റവന്യൂ റിക്കവറി നടപടികൾ സ്വീകരിച്ച് കടിശ്ശിക പിരിച്ചെടുക്കുകയും ചെയ്തു വരുന്നു. ഇത് കൂടാതെ വൈദ്യുതി ബോർഡ് കാലാകാലങ്ങളിൽ നടപ്പിലാക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ കൂടിയും കുടിശ്ശിക പിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടത്തി വരുന്നു – മന്ത്രി വ്യക്തമാക്കി.