NewsPolitics

പി. ജയരാജനെ പാർട്ടിക്ക് ഇനി അത്ര ആവശ്യം ഇല്ല! സെക്രട്ടേറിയറ്റിലേക്കുള്ള അവഗണന സ്വാഭാവികം മാത്രം

കണ്ണൂരിൽ നിന്നുള്ള സിപിഎം നേതാവ് പി. ജയരാജന് സംസ്ഥാന സെക്രട്ടേറിയറ്റിൽ സ്ഥാനം ലഭിക്കാത്തതിൽ ജയരാജൻ ഫാൻസ് അസ്വസ്ഥതരാണെന്നാണ് മാധ്യമ വാർത്തകൾ. അതിനെ ശരിവെക്കും വിധം ജയരാജന്റെ മകൻ ജയിൻ രാജ് സോഷ്യൽ മീഡിയകളിൽ പോസ്റ്റിടുന്നുമുണ്ട്. എന്നാൽ കാൽ നൂറ്റാണ്ടിലേറെയായി സംസ്ഥാന സമിതിയിൽ തുടരുന്ന അദ്ദേഹത്തിന് ഒരു സ്ഥാനക്കയറ്റം നൽകാൻ പാർട്ടി തയ്യാറാകാത്തതിന് പല കാരണങ്ങളും ഉണ്ടെന്നതാണ് വസ്തുത. ഇനി പി.ജെ പൊളിറ്റിക്‌സിന് സിപിഎമ്മിൽ പ്രസക്തിയില്ലെന്നതാണ് ഒന്നാമത്തെ കാര്യം. ഇത് മനസ്സിലാക്കി പാർട്ടിയുടെ കായിക മുഖമായിരുന്ന പി. ജയരാജൻ ഒരു താത്വിക മുഖമാകാൻ ശ്രമിച്ച് പരാജയപ്പെട്ടതും ഇവിടെ കാണാം.

ജയരാജൻ സംസ്ഥാന നേതൃത്വത്തിലേക്ക് ഉയർന്നതിനെ തന്നെ പലരും ചോദ്യം ചെയ്യുന്നുണ്ട്. 1998ലെ പാലക്കാട് സമ്മേളനത്തിൽ ബദൽ പാനലിൽ ഉൾപ്പെട്ട് വി.എസ് അച്യുതാനന്ദന്റെ പിന്തുണയിൽ സീനിയർ നേതാവായിരുന്ന ഐ.വി. ദാസിനെ വെട്ടിനിരത്തിയാണ് സ്റ്റേറ്റ് കമ്മിറ്റിയംഗമാകുന്നത്. പിന്നീട് കണ്ണൂരിലെ പാർട്ടി തലപ്പത്തേക്ക് എത്തിയതിലെ നീക്കവും ശ്രദ്ധേയമാണ്. അതുവരെ കണ്ണൂരിലെ പ്രമുഖനും പിണറായിയുടെ വിശ്വസ്തനുമായ പി. ശശിക്കെതിരെ കലാപം ഉയർത്തിയാണ് ജില്ലാ നേതൃസ്ഥാനം പിടിച്ചെടുക്കുന്നത്.

ജില്ലാ സെക്രട്ടറിയാകുന്ന കാലത്ത് കണ്ണൂരിലെ പാർട്ടി യുവാക്കളെ കായികമായി പരിശീലിപ്പിച്ച് രാഷ്ട്രീയ എതിരാളികളെ കായികമായി നേരിട്ടുകൊണ്ടായിരുന്നു. കണ്ണൂരിലെ സിപിഎമ്മിന് നിലവിലുള്ള അക്രമത്തിന്റെ മുഖം നൽകിയതിന് പിന്നിലും ജയരാജന്റെ പ്രവർത്തനങ്ങളാണെന്ന് ഉറപ്പിച്ച് പറയാനാകും. പക്ഷേ പിന്നീട് പിണറായി വിജയൻ ഗ്യാങിലേക്ക് കയറിപ്പറ്റാൻ ജയരാജന് സാധിച്ചില്ല. പിന്നീട് പിണറായിയുടെ രാഷ്ട്രീയ ലൈനുകളുടെ താത്വികമുഖം ആകാനായി 2023 മുതലുള്ള ജയരാജന്റെ ശ്രമം.

ഒരുകാലത്ത് സിപിഎമ്മിന്റെ നയമായിരുന്ന ബിജെപി വിരുദ്ധ നിലപാട് ശക്തമായി പ്രചരിപ്പിച്ച വ്യക്തിയായാണ് പി. ജയരാജൻ ശ്രദ്ധേയനാകുന്നത്. അതിന് തന്റെ ജീവിക്കുന്ന രക്തസാക്ഷി പരിവേഷവും അദ്ദേഹത്തിന് ഉപകാരപ്പെട്ടിട്ടുണ്ട്. എന്നാൽ പാർട്ടി ആ നിലപാട് ഉപേക്ഷിച്ചിട്ട് കാലങ്ങളായി. അതേറ്റ് പാടാൻ ജയരാജന് കുറച്ച് സമയം വേണ്ടി വന്നതാണ് ഇപ്പോഴത്തെ തകർച്ചയുടെ പ്രധാനമായ കാരണം. അതിനെ മറികടക്കാൻ ഒരു താത്വിക പാത പിടിച്ചെങ്കിലും അതും അത്രക്ക് അങ്ങട് വർക്കായില്ല.

താത്വിക മുഖം പിടിക്കാൻ ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പേരിൽ പുസ്തകം ഒക്കെ പ്രകാശനം ചെയ്‌തെങ്കിലും ജമാഅത്തെ ഇസ്ലാമിക്കെതിരെ പ്രസംഗിച്ച് നടന്നിട്ടും അതൊന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ്ബൂക്കിൽ കയറാൻ മാത്രം കെൽപ്പുള്ളവയായില്ല എന്നതാണ് സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശന നിഷേധത്തിൽ നിന്ന് മനസ്സിലാകുന്നത്.

മുൻ ജില്ല കമ്മിറ്റിയംഗം മനു തോമസ് പാർട്ടിയിൽനിന്ന് പുറത്തുപോകാനിടയാക്കിയ പരാതി മറയാക്കിയാണ് ജയരാജനെ ഇപ്പോൾ വെട്ടിയതെന്നാണ് സൂചന. പരാതി സംബന്ധിച്ച് ജില്ല സമ്മേളനത്തിൽ ചോദ്യമുയർന്നപ്പോൾ അതു സംസ്ഥാന സമിതിയുടെ പരിഗണനയിലാണെന്ന മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. ഇത് പി.ജെയെ വെട്ടാനുള്ള ആയുധമാക്കി മാറ്റിയതായാണ് വിലയിരുത്തൽ. ജയരാജനെപോലെ പലരും പുറത്തുണ്ടെന്നും എല്ലാവരെയും എടുക്കാനാവാത്ത സാഹചര്യമാണെന്നും പലകാര്യങ്ങൾ പരിഗണിച്ചും വിശകലനം ചെയ്തുമാണ് നേതാക്കളെ സെക്രട്ടേറിയറ്റിലേക്ക് എടുത്തതെന്നുമാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇതു സംബന്ധിച്ച് മറുപടി നൽകിയത്.