
ഭരണതുടർച്ച CPM ന്റെ ആഗ്രഹം, സ്വപ്നം കാണുന്നതിൽ തെറ്റില്ല; നാട് മുഴുവന്‍ സമരം ചെയ്ത് കുട്ടിച്ചോറാക്കിയ ആളുകളാണിവര്‍: വി.ഡി. സതീശൻ
- സി.പി.എമ്മിന്റേത് നയരേഖയല്ല, അവസരവാദ രേഖ; സി.പി.എമ്മിന്റെ വലതു നിലപാടില്‍ ബി.ജെ.പി പോലും നാണംകെട്ടു നില്‍ക്കുന്നു
കൊച്ചി: സി.പി.എമ്മിന്റേത് നയരേഖയല്ല, അവസരവാദ രേഖയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇവര്‍ പറഞ്ഞതൊക്കെ തിരുത്തിക്കൊണ്ടിരിക്കുകയാണ്. നാട് മുഴുവന്‍ സമരം ചെയ്ത് കുട്ടിച്ചോറാക്കിയ ആളുകളാണിവര്‍. എന്നിട്ടാണ് ഇപ്പോള്‍ സൗകര്യം പോലെ തിരുത്തുന്നത്. ഒരു നാടിനെ സാമ്പത്തികമായ തകര്‍ത്ത് തരിപ്പണമാക്കി, ഖജനാവില്‍ പൂച്ചപെറ്റുകിടക്കുകയാണ്. എല്ലാ സ്ഥാപനങ്ങളും സ്തംഭിച്ചു. ഇവരുടെ ദുര്‍ഭരണം കൊണ്ടും ഫിനാന്‍ഷ്യല്‍ മിസ്മാനേജ്‌മെന്റ് കൊണ്ടും കേരളത്തെ തകര്‍ത്തതിന് ശേഷം നയം മാറ്റത്തിലൂടെ സെസും ഫീസും ഏര്‍പ്പെടുത്തി വീണ്ടും ജനങ്ങളെ കൊല്ലാന്‍ വരികയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിപിഎമ്മിന്റെ ദുര്‍ഭരണത്തിന് ബലിയാടാകുന്നത് ജീവിക്കാന്‍ നിവൃത്തിയില്ലാത്ത സാധാരണ മനുഷ്യരാണ്. ഇവര്‍ പെന്‍ഷനും ക്ഷേമനിധിയും നല്‍കാത്ത ആളുകളില്‍ നിന്നു തന്നെയാണ് വീണ്ടും സെസും ഫീസും വാങ്ങാന്‍ പോകുകയാണ്. ഭരണത്തുടര്‍ച്ചയെന്നത് അവരുടെ ആഗ്രഹമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി സ്വപ്‌നം കാണുന്നതില്‍ തെറ്റില്ല. തോറ്റു പോകട്ടെന്ന് ഒരു സംസ്ഥാന സമ്മേളനത്തിന് തീരുമാനിക്കാനാകില്ലെന്നും വി.ഡി. സതീശൻ പരിഹസിച്ചു.
എല്ലാ കാര്യത്തിലുമുള്ള നയത്തില്‍ മാറ്റം വരുത്തുന്നത് നല്ലതല്ല. അങ്ങനെ വന്നാല്‍ അത് വില്‍പനയാകും. ഡല്‍ഹിയില്‍ നടത്തുന്ന വില്‍പന തന്നെയാണ് ഇവിടെയും നടത്തുന്നത്. ഇവര്‍ ഇടതുപക്ഷമല്ല തീവ്രവലതുപക്ഷമാണ്. ഇവര്‍ ഇടതുപക്ഷമോ കമ്മ്യൂണിസ്‌റ്റോ അല്ല. സംഘ്പരിവാര്‍ സര്‍ക്കാര്‍ ചെയ്യുന്നതു പോലെ ഇവര്‍ പ്ലാനില്‍ നിന്നും പിന്‍മാറി വന്‍കിട പദ്ധതികള്‍ക്കു പിന്നാലെ പോകുകയാണ്. കോണ്‍ഗ്രസിന് പ്ലാനിങ് ഉണ്ടായിരുന്നു. ഞങ്ങളുടെ എല്ലാ തീരുമാനങ്ങളും ഇടതുപക്ഷ സ്വഭാവമുള്ളതായിരുന്നു. കോണ്‍ഗ്രസാണ് തൊഴിലുറപ്പ് പദ്ധതിയും എന്‍.ആര്‍.എച്ച്.എമ്മും വിദ്യാഭ്യാസ അവകാശ നിയമവും കൊണ്ടുവന്നത് – പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
പ്രതിപക്ഷം വികസന വിരോധികളെന്നു സി.പി.എം പറയുന്നതു തന്നെ വലതുപക്ഷ ലൈനാണ്. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ദേശവിരുദ്ധരാക്കുന്നത് ബി.ജെ.പി ലൈനാണ്. കേരളത്തിലാണെങ്കില്‍ അത് സംസ്ഥാന വിരുദ്ധരാകും. രണ്ടും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ചേട്ടന്റെ പിന്നാലെ പോകുകയാണ് അനിയന്‍. അണ്ണനും തമ്പിയുമാണ്. അണ്ണന്റെ പിന്നാലെ കേരളത്തിലെ തമ്പി പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ബാങ്ക് ദേശസാല്‍ക്കരണം ഉള്‍പ്പെടെ നടത്തിയ കോണ്‍ഗ്രസ് നെഹ്‌റുവിന്റെ കാലമുതല്‍ക്കെ ഇടതുപക്ഷമാണ്. റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ ആക്ട് കൊണ്ടു വന്ന് വികസനത്തിന്റെ പേരില്‍ പാവങ്ങളെ തെരുവിലേക്ക് ഇറക്കി വിടുന്നതില്‍ നിന്നും സംരക്ഷണം നല്‍കിയത്. ഇടതുപക്ഷ തീരുമാനങ്ങളൊക്കെ എടുത്തത് കോണ്‍ഗ്രസാണ്. യാഥാര്‍ത്ഥ ഇടതുപക്ഷം കോണ്‍ഗ്രസാണ്.
സി.പി.എം തീവ്രവലതുപക്ഷമാണ്. ബി.ജെ.പി പോലും ഇക്കാര്യത്തില്‍ സി.പി.എമ്മിന് മുന്നില്‍ നാണംകെട്ടു നില്‍ക്കുകയാണ്. അതാണ് അവസരവാദ രേഖയെന്ന് പറയുന്നത്. സീതാറാം യെച്ചൂരിയുടെ രേഖ വായിച്ചിട്ടുണ്ടോയെന്നാണ് എന്നോട് പ്രകാശ് കാരാട്ട് എന്നോട് ചോദിച്ചത്. ഞാന്‍ സീതാറാം യെച്ചൂരിയുടെ ഫാസിസത്തിന് എതിരായ ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട്. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് ആണെന്നതായിരുന്നു യെച്ചൂരിയുടെ നിലപാട്. യെച്ചൂരിയുടെ ഈ നിലപാട് വ്യക്തിപരമല്ല. പാര്‍ട്ടിയുടെ കൂടി നിലപാടായിരുന്നു. അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോള്‍ ആ ചുമതല വഹിക്കുന്ന പ്രകാശ് കാരാട്ട് എങ്ങനെയാണ് മോദി സര്‍ക്കാര്‍ ഫാസിസ്റ്റുമല്ല, നവ ഫാസിസ്റ്റും അല്ലെന്ന നിലപാട് സ്വീകരിക്കുന്നത്.
ഇന്ത്യയില്‍ നടക്കുന്നത് ഫാസിസ്റ്റ് ഭരണമെന്നാണ് ബി.ജെ.പി വിരുദ്ധ ചേരിയിലെ എല്ലാ കക്ഷികളും പറയുന്നത്. എന്നിട്ടാണ് സി.പി.എം ഈ നിലപാട് സ്വീകരിക്കുന്നത്. സി.പി.എം മോദി സര്‍ക്കാരിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണ്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പി.ബി അംഗങ്ങളുടെ ഭീഷണിപ്പെടുത്തലിലാണ് പ്രകാശ് കാരാട്ട് വഴങ്ങിയിരിക്കുന്നത് -പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൊച്ചിയില്‍ മാധ്യമപ്രവർത്തകരോടായി പറഞ്ഞു.