CinemaCrimeNews

കഞ്ചാവുമായി പിടിയിലായ സിനിമ മേക്കപ്മാനെ സംഘടനയിൽ നിന്ന് സസ്‌പെന്റ് ചെയ്തു

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സിനിമ മേക്കപ്പ് മാൻ രഞ്ജിത്ത് ഗോപിനാഥനെ സസ്‌പെന്റ് ചെയ്ത് സിനിമ സംഘടനയായ ഫെഫ്ക (FEFKA). കഞ്ചാവ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തുടർന്നാണ് നടപടി.

ആർ.ജി. വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് ഇന്ന് രാവിലെ കഞ്ചാവുമായി പൊലീസിന്റെ പിടിയിലായത്. ഇടുക്കി മൂലമറ്റം എക്‌സൈസ് നടത്തിയ വാഹന പരിശോധനക്കിടെ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. ആവേശം, പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം തുടങ്ങിയ സിനിമകളുടെ മേക്കപ്പ്മാനാണ് പിടിയിലായ രഞ്ജിത്ത്.

വാഗമൺ കേന്ദ്രീകരിച്ച് സിനിമ ലൊക്കേഷനുകളിൽ ലഹരി ഇടപാടുകൾ നടക്കുന്നതായി എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഗമണിൽ ചിത്രീകരണം നടക്കുന്ന ‘അട്ടഹാസം’ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് കാഞ്ഞാർ വാഗമൺ റോഡിൽ വെച്ച് രഞ്ജിത്തിനെ പിടികൂടിയത്.

കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ച നിലയിലായിരുന്നു 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്. തുടർന്ന് നടത്തിയ പരിശോധനയിൽ കൊച്ചിയിലെ വീട്ടിൽ നിന്ന് കഞ്ചാവിന്റെ തണ്ടും വിത്തുകളും പനമ്പള്ളി നഗറിലെ മേക്കപ്പ് സ്റ്റുഡിയോയിൽ നിന്ന് കൂടുതൽ ലഹരി വസ്തുക്കളും കണ്ടെത്തി. കിലോയ്ക്ക് ഒരു കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് രഞ്ജിത്തിന് നൽകിയവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ‘ആവേശം’, ‘രോമാഞ്ചം’, ‘ജാനേമാൻ’ തുടങ്ങി നിരവധി സിനിമകളിൽ രഞ്ജിത്ത് മേക്കപ്പ് മാനായി പ്രവർത്തിച്ചിട്ടുണ്ട്.