News

എം.വി. ​ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറി; സെക്രട്ടേറിയറ്റിൽ ശൈലജ മാത്രം ഏക വനിത

സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദനെ തിരഞ്ഞെടുത്തു. പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗമാണ് എം.വി. ഗോവിന്ദനെ വീണ്ടും തിരഞ്ഞെടുത്തത്. സമ്മേളനത്തിലൂടെ ആദ്യമായാണ് സെക്രട്ടറി സ്ഥാനത്തേക്ക് എം.വി ഗോവിന്ദൻ എത്തുന്നത്. 17 പുതുമുഖങ്ങളെ ഉൾപ്പെടുത്തി 89 അംഗ സി.പി.എം സംസ്ഥാന സമിതിയെയും 17 അംഗ സെക്രട്ടറിയേറ്റിനേയും സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു.

നിലവിൽ തളിപ്പറമ്പില്‍ നിന്നുള്ള എം.എല്‍.എയും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവുമാണ്. കോടിയേരി ബാലകൃഷ്ണൻ അനാരോഗ്യത്തെ തുടർന്ന് സംസ്‌ഥാന സെക്രട്ടറി സ്‌ഥാനം ഒഴിഞ്ഞതോടെയാണ് 2022 ആഗസ്റ്റില്‍ സെക്രട്ടറി പദത്തിലേക്ക് മന്ത്രിസ്ഥാനത്തുനിന്ന് എം.വി. ഗോവിന്ദൻ എത്തുന്നത്.

CPIM Kerala State Secretariat Members
സിപിഎം സെക്രട്ടേറിയറ്റ് അം​ഗങ്ങൾ

2002-2006 കാലത്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചയാളാണ് എം.വി ഗോവിന്ദൻ. എറണാകുളം ജില്ലാ ജില്ലാ സെക്രട്ടറിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്. കേരള സംസ്ഥാന കർഷകത്തൊഴിലാളി യൂണിയന്റെ സംസ്ഥാന അധ്യക്ഷൻ, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയന്റെ ദേശീയ വൈസ് പ്രസിഡന്റ്, ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ, സിപിഎം കണ്ണൂർ, എറണാകുളം ജില്ല സെക്രട്ടറി, സിപിഐ (എം) കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന കമ്മറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അടിയന്തിരാവസ്ഥയ്‌ക്കെതിരായ പ്രതിഷേധത്തിന് നാല് മാസം ജയിൽവാസമനുഭവിച്ചു. തളിപ്പറമ്പിൽ നിന്ന് 1996, 2001 വർഷങ്ങളിൽ തളിപ്പറമ്പിൽ നിന്ന് നിയമസഭയിലെത്തി.

17 അംഗ സെക്രട്ടറിയേറ്റിൽ അഞ്ചുപേരാണ് കണ്ണൂർ ജില്ലയിൽ നിന്നുള്ളവർ. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി.ജയരാജൻ, കെ.കെ.ശൈലജ, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങളായ കണ്ണൂരിൽ നിന്നുള്ള നേതാക്കൾ. മുൻ അംഗങ്ങളായ ആനാവൂർ നാഗപ്പൻ, എ.കെ.ബാലൻ, പി.കെ.ശ്രീമതി എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ മൂന്ന് അംഗങ്ങൾ എത്തിയിരിക്കുന്നത്.

സംസ്ഥാന സമിതിയിൽ 17 പുതുമുഖങ്ങൾ; വീണാ ജോർജ് പ്രത്യേക ക്ഷണിതാവ്

സിപിഎം സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങൾ ഉൾപ്പെടെ 89 പേരെ തിരഞ്ഞെടുത്തു. അഞ്ച് ജില്ലാ സെക്രട്ടറിമാരേയും മന്ത്രി ആർ ബിന്ദുവിനേയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കെ പ്രസാദ്, വികെ സനോജ്, പിആർ രഘുനാഥ്, ഡികെ മുരളി, എസ് ജയമോഹൻ, കെ റഫീഖ്, എം അനിൽ കുമാർ, എം മെഹബൂബ്, വി വസീഫ്, വിപി അനിൽ, കെ ശാന്തകുമാരി എന്നിവരെ പുതിയ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

മന്ത്രി വീണാ ജോർജ്ജിനെ സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജോൺ ബ്രിട്ടാസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൂസൻ കോടി പുറത്തായി. ശാന്തകുമാരിയും ആർ ബിന്ദുവുമാണ് പുതിയ വനിതാ അംഗങ്ങൾ. 17 അംഗ സെക്രട്ടറിയേറ്റിൽ കെകെ ശൈലജ, എംവി ജയരാജൻ, സി എൻ മോഹനൻ എന്നിവരേയും ഉൾപ്പെടുത്തിയിട്ടുണ്ട്.