News

കൊല്ലത്ത് കൊടിയും ഫ്ളക്സും സ്ഥാപിച്ച സിപിഎമ്മിന് മൂന്നരലക്ഷം പിഴ

കൊല്ലം: സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിൽ കൊടിയും ഫ്‌ളക്‌സും സ്ഥാപിച്ച സിപിഎമ്മിന് കോർപറേഷന്റെ പിഴ. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കൊല്ലം കോർപറേഷൻ സെക്രട്ടറി നോട്ടീസ് നൽകി. സംസ്ഥാന സമ്മേളനത്തിനായി 20 ഫ്‌ളക്‌സ് ബോർഡുകളും 2500 കൊടിയും കെട്ടിയതിനാണ് പിഴ.

ഫീസ് അടച്ച് നിയമാനുസൃതം ഫ്‌ളക്‌സ് സ്ഥാപിക്കാൻ സിപിഎം അനുമതി തേടിയിരുന്നു. പാർട്ടി നേതൃത്വം അപേക്ഷ നൽകിയെങ്കിലും ഇക്കാര്യത്തിൽ കോർപ്പറേഷൻ തീരുമാനമെടുത്തില്ല. കാഴ്ച മറയ്ക്കാതെയും ഗതാഗത തടസ്സമില്ലാതെയും നടപ്പാത കൈയ്യേറാതെയും ഫ്‌ളക്‌സ് ബോർഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം. വിമർശിച്ചിരുന്നു.

ഫ്‌ളക്‌സ് ബോർഡിലും കൊടിതോരണങ്ങൾ ഉപയോഗിക്കുന്നതിലും ഹൈക്കോടതി ഇന്നലെ വിമർശിച്ചിരുന്നു. കൊല്ലം വഴി കണ്ണടച്ച് വരാൻ കഴിയില്ലെന്നും പ്രധാന രാഷ്ട്രീയ പാർട്ടികൾ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഡിവിഷൻ ബെഞ്ച് പറഞ്ഞു.

”ഡോക്ടർമാരും അഭിഭാഷകരും രാഷ്ട്രീയക്കാരുമൊക്കെയാണ് പരാതി അയച്ചിരിക്കുന്നത്. എന്നാൽ പേടി മൂലം ബോർഡ് വച്ചവരുടെ പേര് പറയുന്നില്ല. ഭയത്തിലാണ് ഈ സംസ്ഥാനം മുന്നോട്ടു പോയികൊണ്ടിരിക്കുന്നത്. അത് നല്ലതിനല്ല. പൊലീസുകാർക്ക് പേടി, സെക്രട്ടറിമാർക്കും പേടി… എല്ലാവർക്കും പേടി. പേടിമൂലം നയിക്കപ്പെടുന്നത് ജനാധിപത്യമല്ല” അനധികൃത ബോർഡുകളും കൊടികളും സംബന്ധിച്ച ഹർജി പരിഗണിച്ചു കൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.