
മലപ്പുറത്ത് SDPI ഓഫീസിൽ ED റെയ്ഡ്
എസ്.ഡി.പി.ഐ ഓഫീസിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. മലപ്പുറത്തെ എസ്.ഡി.പി.ഐ ഓഫീസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്. എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് റെയ്ഡ്. രാജ്യവിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് സ്വരൂപിച്ച ഫണ്ട് എസ്.ഡി.പി.ഐക്ക് ലഭിച്ചെന്ന് ഇഡി കണ്ടെത്തിയിരുന്നു.
എസ്.ഡി.പി.ഐയെ നിയന്ത്രിക്കുന്നതും ദൈനംദിന പ്രവർത്തനത്തിന് പണം നൽകുന്നതും പോപ്പുലർ ഫ്രണ്ട് ആണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. പണം പിരിച്ചതിന്റെയും വിനിയോഗിച്ചതിന്റെയും തെളിവുകൾ ഇ ഡിയ്ക്ക് ലഭിച്ചു. നയരൂപീകരണം, തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കൽ, പൊതു പരിപാടികൾ, കേഡർ മൊബിലൈസേഷൻ, എന്നിവയ്ക്കെല്ലാം എസ്.ഡി.പി.ഐ പി.എഫ്.ഐയെ ആശ്രയിച്ചിരുന്നുവെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു.
എസ്.ഡി.പി.ഐക്ക് വേണ്ടി വിദേശരാജ്യങ്ങളിൽ നിന്നടക്കം പോപ്പുലർ ഫ്രണ്ട് പണം പിരിച്ചു. തിരഞ്ഞെടുപ്പ് ചെലവുകൾക്കായി 3.75 രൂപ നൽകിയതിന്റെ രേഖകൾ ലഭിച്ചു. രാജ്യത്ത് ഭീകരവാദ പ്രവർത്തനത്തിനായി പി.എഫ്.ഐ പിരിച്ച പണത്തിന്റെ വിഹിതം എം.കെ ഫൈസി കൈപ്പറ്റിയെന്നും ഇ.ഡി കണ്ടെത്തി. കഴിഞ്ഞ ദിവസം എം കെ ഫൈസിയെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി ബെംഗളൂരുവിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. ഫൈസിയെ ഡൽഹിയിൽ എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.