
കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ ചിത്രത്തിലേ ഇല്ലാത്ത രണ്ട് പ്രമുഖരാണ് വി.എസ്. അച്യുതാനന്ദനും എം. മുകേഷ് എംഎൽഎയും. അനാരോഗ്യം കാരണം വിശ്രമത്തിൽ കഴിയുന്ന വി.എസും വിവാദങ്ങളിൽപ്പെട്ട് മുഖം നഷ്ടപ്പെട്ട മുകേഷും സമ്മേളന ചിത്രത്തിൽ പോലുമില്ലാത്ത അവസ്ഥയിലാണ്.
ഒരുനൂറ്റാണ്ട് പിന്നിട്ട വി.എസിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അടയാളപ്പെടുത്തലുകളൊന്നും സമ്മേളന നഗരിയിലില്ലെന്നതും ശ്രദ്ധേയമാണ്.
ഒരുകാലത്ത് വി.എസിന്റെ ചിത്രമില്ലാത്ത വിജയിക്കാൻ സാധിക്കാത്ത പാർട്ടിയായിരുന്നു സിപിഎം. ഇന്നത് മാറി. മുൻ സി.പി.എം മുഖ്യമന്ത്രിമാരുടെയും നേതാക്കളുടെയും ചിത്രങ്ങളുടെ കൂട്ടത്തിലും വി.എസില്ല. പിണറായി വിജയൻ, എം.എ.ബേബി, അന്തരിച്ച മുൻ മുഖ്യമന്ത്രിമാരായ ഇ.എം.എസ്, ഇ.കെ.നായനാർ, മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെയെല്ലാം ചിത്രങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ട്.
അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന മറ്റൊരു പേരാണ് സ്ഥലം എംഎൽഎ എം മുകേഷിന്‌റേത്. മുകേഷ് അകലം പാലിച്ചതോ, അതോ പാർട്ടി അകറ്റി നിർത്തിയതോ എന്നതിന് വ്യക്തതയില്ലെങ്കിലും മുകേഷിന് വിനയായത് സ്ത്രീപീഡന ആരോപണങ്ങളും നിയമനടപടികളുമാണെന്ന് വ്യക്തം.
നടിയുടെ ലൈംഗികാരോപണം പാർട്ടിക്കുള്ളിലും ചർച്ചയായതിന് പിന്നാലെയാണ് മുകേഷ് സമ്മേളനത്തിൽ നിന്ന് അകന്നുനിൽക്കുന്നത്. കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെ മുകേഷിനെതിരെ വിമർശനം ശക്തമായിരുന്നു. ലൈംഗികാരോപണം നേരിടുന്ന എം.എൽ.എയെ സമ്മേളനത്തിന്‌റെ ഭാഗമാക്കേണ്ടെന്ന തീരുമാനമുണ്ടോയെന്ന തരത്തിൽ ചർച്ചകളുണ്ട്.
മുകേഷ് എം.എൽ.എ ജില്ലക്ക് പുറത്ത് സിനിമ ഷൂട്ടിങ്ങിലാണെന്നാണ് വിവരം. സമ്മേളനവുമായി ബന്ധപ്പെട്ട പോസ്റ്റുകളൊന്നും മുകേഷ് എം.എൽ.എ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
നേരത്തെ, തനിക്കെതിരെ ലൈംഗികാരോപണം ഉയർന്നപ്പോൾ ചെങ്കൊടിയുമേന്തി നിൽക്കുന്ന ഫോട്ടോയോടൊപ്പമാണ് മുകേഷ് വിശദീകരണക്കുറിപ്പ് നൽകിയത്. സർക്കാറിനും പാർട്ടിക്കുമെതിരായ നീക്കത്തിൻറെ ഭാഗമാണ് തനിക്കെതിരായ ആരോപണമെന്ന വാദവും ഉയർത്തിയിരുന്നു. തനിക്കെതിരായ ആരോപണത്തെ പാർട്ടിയെ മുൻനിർത്തി പ്രതിരോധിക്കുകയാണ് മുകേഷ് ചെയ്യുന്നതെന്ന ആരോപണം അന്ന് ഉയർന്നിരുന്നു.