
100ലധികം സീറ്റ് നേടി അധികാരത്തിൽ എത്തും: കേരളത്തെ രക്ഷിക്കാൻ നടപടികളുണ്ട്: വി.ഡി. സതീശൻ
സുനിൽ കനഗോലുവിന്റെ ഒരു റിപ്പോർട്ടും നിലവിലില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുസംബന്ധിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകളെ അദ്ദേഹം നിഷേധിച്ചു. അങ്ങനെ ഒരു വാർത്ത കൊടുത്തതിന് എ.ഐ.സി.സി നോട്ടീസ് നൽകിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ ടുഡേ മാത്രമാണ് കേരളത്തിൽ ഒരു സർവെ നടത്തിയത്. അതിൽ യു.ഡി.എഫിന് 42 ശതമാനം വോട്ടോടെ 110 സീറ്റ് കിട്ടുമെന്നാണ് പറഞ്ഞിരിക്കുന്നത്. എൽ.ഡി.എഫിന് 30 ശതമാനം വോട്ട് മാത്രം കിട്ടുമെന്നുമാണ് പറഞ്ഞിരിക്കുന്നത്.
കനഗോലുവിന്റെ ഇല്ലാത്ത റിപ്പോർട്ട് വ്യാജമായി ഉണ്ടാക്കിയാണ് ഒരു ഇംഗ്ലീഷ് പത്രം വ്യാജവാർത്ത നൽകിയത്. അത് സി.പി.എമ്മിനെ സഹായിക്കുന്നതിനു വേണ്ടിയുള്ളതാണ്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് കെ.സി വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യടുഡേ റിപ്പോർട്ട് പോലും ഞങ്ങൾ ആഘോഷമാക്കിയിട്ടില്ല. കഠിനാധ്വാനം ചെയ്ത് നൂറു സീറ്റോടെ യു.ഡി.എഫ് അധികാരത്തിൽ എത്തും.
ഇതാണ് യു.ഡി.എഫ് യോഗത്തിന്റെ തീരുമാനവും. ജനകീയ വിഷയങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്ന് ഞങ്ങൾ അധികാരത്തിൽ വന്നാൽ എന്ത് ചെയ്യുമെന്ന് ഞങ്ങൾ പറയും. സർക്കാരിനെ വിമർശിക്കുന്നതിനൊപ്പം യു.ഡി.എഫിന്റെ ഓൾട്ടർനേറ്റീവ് കൂടി ജനങ്ങളോട് പറയും – പ്രതിപക്ഷ നേതാവ് പറഞ്ഞു.