
- രഞ്ജിത് ടി. ബി
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ ടീമിനും നായകനും പുതിയ റെക്കോഡുകൾ. ചൊവ്വാഴ്ച നടന്ന നിർണ്ണായക മൽസരത്തിൽ ഓസ്ട്രേലിയയെ നാലു വിക്കറ്റുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനൽ ടിക്കറ്റ് നേടിയത്.
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ അഞ്ചാം തവണ എത്തുന്ന ടീമായി ഇന്ത്യ, മറ്റൊരു ടീമും മൂന്നിൽ കൂടുതൽ തവണ ഫൈനലിൽ എത്തിയിട്ടില്ല. ക്രിക്കറ്റ് ചരിത്രത്തിൽ എല്ലാ ഐസിസി ടൂർണ്ണമെൻ്റുകളുടെയും ഫൈനലിൽ എത്തുന്ന ആദ്യ ക്യാപ്റ്റനായി ഇന്ത്യയുടെ രോഹിത് ശർമ.
2022 ഫെബ്രുവരിയിൽ മുഴുവൻ സമയ ക്യാപ്റ്റനായി എത്തിയ ശേഷം ഇന്ത്യ നിരവധി റെക്കോഡുകൾ തകർത്തു. 2023 ലെ ഐ സി സി ഏകദിന ലോകകപ്പ്, 2023 ലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, 2024 ലെ ഐസിസി ട്വൻ്റി 20 വേൾഡ് കപ്പ് , ഐ സി സി ചാമ്പ്യൻസ് ട്രോഫി എന്നിവയുടെ ഫൈനലിൽ എത്തിയിട്ടുണ്ട്. ഇതിൽ 2024 ലെ ട്വൻ്റി-20 ലോകകപ്പിൽ വിജയികളായി.
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണ്ണമെൻ്റിൽ 107.21 സ്ട്രൈക്ക് റേറ്റിൽ 4 മത്സരങ്ങളിൽ നിന്നും 104 റൺസുകൾ നേടി. 26 ശരാശരിയിൽ കളിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ഈ ടൂർണമെന്റിലെ ഉയർന്ന സ്കോർ 41 ആണ്. ഓസ്ട്രേലിയക്കെതിരെയുള്ള മൽസരത്തിൽ മൂന്നു ഫോറും ഒരു സിക്സും ഉൾപ്പെടെ 28 റൺസുകൾ നേടിയത് ആദ്യ പവർ പ്ലേയിൽ മികച്ച റൺ നിരക്ക് നൽകുന്നതിൽ ടീമിനെ സഹായിച്ചു.
നിലവിൽ 37 വയസ്സാണ് ഹിറ്റ്മാൻ്റെ പ്രായം. ഇതുവരെ രണ്ട് ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യക്ക് ഇത്തവണത്തെ കിരീടധാരണത്തിന് ഒരു മൽസരത്തിന്റെ ദൂരമാണുള്ളത്. മാർച്ച് 9 ന് ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മൽസരത്തിലെ ഇന്ത്യയുടെ എതിർ ടീമിനെ ഇന്ന് അറിയാൻ കഴിയും.