Crime

ഷഹബാസ് കൊലക്കേസ്​: ഒരു വിദ്യാര്‍ഥി കൂടി പിടിയില്‍

കോഴിക്കോട്: താമരശേരി ഷഹബാസ് കൊലപാതകത്തിൽ ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റിൽ. കേസില്‍ നേരത്തെ അഞ്ചു പേര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പത്താം ക്ലാസുകാരനെയാണ് അറസ്റ്റ് ചെയ്തത്.

വിദ്യാർഥികൾ അല്ലാത്തവർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന പിതാവിന്റെ ആരോപണത്തിലും പൊലീസ് കൂടുതൽ അന്വേഷണം നടത്തും. ഷഹബാസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യത്തിലും ഇനിയും വ്യക്തത വന്നിട്ടില്ല. അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുന്നതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാർഥികളാണെങ്കിലും കൂടുതൽ പേർ ആസൂത്രണം ചെയ്തതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.

അതിനിടെ, മരിച്ച ഷഹബാസിന്റെ കുടുംബത്തെ പി.വി അൻവർ ഇന്ന് സന്ദർശിക്കും. വരും ദിവസങ്ങളിൽ നടക്കുന്ന പരീക്ഷകളിലും പ്രതിഷേധ ശക്തമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ. വ്യാപക പ്രതിഷേധങ്ങൾക്കിടെയാണ് ഷഹബാസ് കൊലപാതക കേസിൽ പ്രതികളായ അഞ്ച് വിദ്യാർഥികൾ ഇന്നലെ പരീക്ഷ എഴുതിയത്.