
കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസുകാരൻ, വിദ്യാർത്ഥികളുടെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അഞ്ച് വിദ്യാർഥികൾക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ഇവരെ ജുവനൈൽ ജസ്റ്റിസിന് മുൻപിൽ ഹാജരാക്കാൻ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് വിദ്യാർഥികൾ മർദിച്ചിട്ടുണ്ടാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ഇത് തെളിയിക്കുന്ന രീതിയിൽ കുട്ടികൾ തമ്മിലുള്ള വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം സന്ദേശവും പുറത്തുവന്നിട്ടുണ്ട്.
ചെവിയുടേയും കണ്ണിന്റേയും ഭാഗത്തും തലയ്ക്കും ഷഹബാസിന് ഗുരുതര പരിക്ക് ഉണ്ടായിരുന്നു എന്നാണ് ഡോക്ടർമാരിൽ നിന്നും ലഭിക്കുന്ന വിവരം. പുറമെ കാണുന്ന പരിക്ക് ഇല്ലെങ്കിലും ആന്തരികക്ഷതമാണ് മരണ കാരണമെന്നാണ് സൂചന. ഷഹബാസിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. അൽപ്പ സമയത്തിനകം പോസ്റ്റ് മോർട്ടം നടപടികൾ തുടങ്ങും.
എളേറ്റിൽ എം.ജെ. ഹയർസെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) ആണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ മരിച്ചത്. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാൽ-റംസീന ദമ്പതിമാരുടെ മകനാണ്. താമരശ്ശേരി വെഴുപ്പൂർ റോഡിലെ ട്രിസ് എന്ന സ്വകാര്യ ട്യൂഷൻ സെന്ററിനു സമീപം വ്യാഴാഴ്ച വൈകീട്ട് ആറരയോടെ നടന്ന സംഘർഷത്തിലാണ് തലയ്ക്ക് പരിക്കേറ്റത്.
ട്യൂഷൻ സെൻററിലെ യാത്രയയപ്പ് ചടങ്ങിൽ അവതരിപ്പിച്ച നൃത്തത്തിനിടെ പാട്ട് നിന്നുപോയതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. പരിഹസിച്ച് ഒരു വിഭാഗം കുട്ടികൾ കൂവിവിളിച്ചു. നൃത്തം ചെയ്ത പെൺകുട്ടി കൂവിയവരോട് ദേഷ്യപ്പെട്ടു. പിന്നാലെ പരസ്പരം കലഹിച്ച കുട്ടികളെ അധ്യാപകർ പിടിച്ചുമാറ്റി രംഗം ശാന്തമാക്കി മടക്കി അയച്ചു. തുടർന്ന് സംഘടിച്ചെത്തിയ കുട്ടികൾ മൂന്ന് തവണ ഏറ്റുമുട്ടുകയായിരുന്നു.
ഷഹബാസിനെ താമരശേരി ആശുപത്രിയിൽ എത്തിക്കുമ്പോൾ അബോധാവസ്ഥയിലായിരുന്നെന്നും പുറമേ പരുക്കുകൾ ഇല്ലായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ച മുഹമ്മദ് സാലി പറഞ്ഞു. സംഭവത്തിൽ അഞ്ച് വിദ്യാർഥികളെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കൃത്യത്തിൽ മുതിർന്നവരുടെ പങ്കില്ലെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. ഇടിവള, നഞ്ചക് തുടങ്ങിയ ആയുധങ്ങൾ വിദ്യാർഥികൾ ഉപയോഗിച്ചെന്ന് പൊലീസ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
ഷഹബാസിൻറെ മരണം ദുഃഖകരമാണെന്നും കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. വിഷയത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ടെന്നും കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.
അന്വേഷണത്തിന് ഉത്തരവിട്ടു
താമരശ്ശേരി: മുഹമ്മദ് ഷഹബാസ് (15)ന്റെ ജീവൻ പൊലിഞ്ഞ സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതായും വിശദമായ വകുപ്പ് തല അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ നിയോഗിച്ചതായും മന്ത്രി വി.ശിവൻകുട്ടി സാമൂഹികമാധ്യമത്തിൽ കുറിച്ചു.