
സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയും; ഊരാളുങ്കലിന് സാധ്യത! മാസ്റ്റർ പ്ലാൻ ഉടൻ പൂർത്തിയാകും
സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയും. ഇതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും, സെക്രട്ടേറിയറ്റ് അനക്‌സ് 2 വിപുലീകരണ പദ്ധതികൾ വേഗത്തിലാക്കാനും തീരുമാനം. ജനുവരി 20ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊതു പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി മുതൽ അഡീഷണൽ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകനയോഗത്തിലാണ് സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ട വിവിധ തീരമാനങ്ങൾ കൈക്കൊണ്ടത്.
സെക്രട്ടേറിയറ്റിന്റെ പുതുക്കിപ്പണിയൽ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘത്തിനെ തന്നെ ഏൽപ്പിക്കാനാണ് നീക്കം എന്നാണ് അറിയുന്നത്. സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയലിന്‌റെ എക്സ്റ്റൻഷൻ പദ്ധതികളുടെ നടപടികൾ വേഗത്തിലാക്കാൻ ഹൗസ് കീപ്പിംഗ് സെല്ലിനാണ് ചുമതല.
കൂടാതെ സെക്രട്ടേറിയറ്റിൽ സ്ഥാപിച്ചിട്ടുള്ള ബയോഗ്യാസ് പ്ലാന്റ് ട്രയൽ റൺ നടത്തിയശേഷം പ്രവർത്തനസജ്ജമാക്കുക. സെക്രട്ടേറിയറ്റിലെ വിവിധ അറ്റകുറ്റപ്പണികളിലൂടെ ഉണ്ടാകുന്ന ഇലക്ട്രോണിക് മാലിന്യം അന്നന്നുതന്നെ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും, സെക്രട്ടേറിയറ്റിലെ ഇലക്ട്രിക്കൽ സിസ്റ്റം വയർലെസ് ആക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിനും തീരുമാനമായിട്ടുണ്ട്.

ഉപയോഗയോഗ്യമല്ലാത്ത വാഹനങ്ങൾ സെക്രട്ടേറിയറ്റ് കാമ്പസ്സിനുള്ളിൽ നിന്ന് നീക്കം ചെയ്യുന്നതിനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനും, സെക്രട്ടേറിയറ്റിനുള്ളിലെ പഞ്ചിംഗ് മെഷീനുകളോടനുബന്ധിച്ച് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.
സെക്രട്ടേറിയറ്റിനുള്ളിലെ നായശല്യം ഒഴിവാക്കുന്നതിനുള്ള സ്വീകരിക്കേണ്ടതാണ്. സെക്രട്ടേറിയറ്റിൽ ഫിസിയോതെറാപ്പി സെന്റർ സ്ഥാപിക്കുന്ന വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കേണ്ടതാണ്. തുടങ്ങിയവയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
ഏത് നിമിഷവും പട്ടി കടി കൊള്ളും എന്നാണ് അവസ്ഥയിലാണ് സെക്രട്ടേറിയറ്റ് ജീവനക്കാർ. ഇതോടൊപ്പം പാമ്പ് ശല്യവും സെക്രട്ടറിയേറ്റിൽ രൂക്ഷമാണ്. അടുത്തിടെ 3 പാമ്പുകളാണ് സെക്രട്ടറിയേറ്റിലെ വിവിധ സെക്ഷനുകളിൽ തല പൊക്കിയത്.ജോലി ചെയ്യുന്ന ജീവനക്കാരുടെ തലയിൽ ഫാൻ പൊട്ടി വീഴുന്നതും സീലിംഗ് ഇളകി വീണതും അടുത്ത കാലത്താണ്.
ക്ലോസറ്റ് തകർന്ന് ജീവനക്കാരിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സെക്രട്ടറിയേറ്റിന് അകത്ത് ജോലി ചെയ്യാൻ ഇരുന്നാൽ പാമ്പ്, ഫാൻ എന്നിവയെ പേടിക്കണം. പുറത്തിറങ്ങിയാൽ പട്ടിയെ പേടിക്കണം. ഇതാണ് സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ അവസ്ഥ. പട്ടി ശല്യത്തിന് ഉടൻ പരിഹാരം കാണും എന്നാണ് സർക്കാർ വാഗ്ദാനം.