CrimeNews

വെഞ്ഞാറമൂട് കൂട്ടക്കൊല; ഫർസാനയുടെ മാലയും അഫാൻ പണയംവെച്ചു; അറസ്റ്റ് ഉടൻ

തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാന്‌റെ അറസ്റ്റ് വ്യാഴാഴ്ച്ച രേഖപ്പെടുത്താൻ സാധ്യത. ഇയാൾ കൊലപ്പെടുത്തിയ കാമുകി ഫർസാനയുടെ മാലയും അഫാൻ പണയം വെച്ചിരുന്നു. പകരം മുക്കുപണ്ടം നൽകുകയായിരുന്നു. ഈ മാല എടുത്ത് തരണമെന് ഫർസാന അടുത്തിടെ ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മാതാവ് ഷെമിയുടെ മൊഴി അന്വേഷണത്തിൽ നിർണായക പങ്കുവഹിക്കും.

കൂട്ടക്കൊലയ്ക്ക് കാരണം വൻ കടബാധ്യതയാണെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തുന്നത്. ഇതിന്റെ ഭാഗമായി അഫാന്‌റെ കുടുംബത്തിന്റെ കടബാധ്യതയുടെ ആഴം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കടം നൽകിയവരുടെ വിവരം ശേഖരിച്ചു തുടങ്ങി.

ഡോക്ടർമാരുടെ അനുമതി ലഭിച്ചാലുടൻ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തും. അഫാനെ മെഡിക്കൽ കോളേജിൽ വച്ചുതന്നെ അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. തുടർന്ന് മജിസ്‌ട്രേട്ടിനെ ആശുപത്രിയിലെത്തിച്ച് റിമാൻഡ് ചെയ്ത് ആശുപത്രിയിൽ തന്നെ തുടരും. കൊലപാതങ്ങൾക്കിടയിലും, അമ്മൂമ്മയുടെ മാല പണയം വെച്ച് കിട്ടിയ തുകയിൽ നിന്ന് നാൽപ്പതിനായിരം രൂപ കടം വീട്ടാനാണ് അഫാന് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. അഫാൻറെ അമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ അഫാൻറെ മൊഴിയെടുത്ത് സ്ഥരികരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

അഫാന് നിലവിൽ ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കിലും എലിവിഷം കഴിച്ചുവെന്ന് പറഞ്ഞതിനാൽ നിരീക്ഷണം തുടരും. ഇയാളുടെ മാനസിക നില പരിശോധിക്കാൻ മെഡിക്കൽ സംഘത്തിൽ മാനസികാരോഗ്യ വിദഗ്ധനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ജീവിതവുമായി മുന്നോട്ട് പോകാൻ കഴിയുന്നില്ല, അത്രമാത്രം സാമ്പത്തിക ബാധ്യതയുണ്ട്. മനസ്സാക്ഷിയെ ഞെട്ടിച്ച കൊലാപാതകങ്ങൾക്ക് പിന്നിൽ ഇതാണ് കാരണം എന്നാണ് വെഞ്ഞാറമൂട് സ്റ്റേഷനിൽ എത്തിയപ്പോൾ അഫാൻ പറഞ്ഞത്. പൊലീസ് സ്വന്തം നിലയിൽ കണ്ടെത്തിയ തെളിവുകളും അഫാൻറെ വാദം ശരിവെക്കുന്ന തരത്തിലാണെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. ഉമ്മയെ കൊലപ്പെടുത്തിയ ശേഷം അഫാൻ നേരെ പോകുന്നത് പാങ്ങോടുള്ള അമ്മൂമ്മയുടെ വീട്ടേലക്കാണ്. ഒമ്പത് മിനുട്ടിനുള്ളിൽ അമ്മൂമ്മ സൽമാ ബീവിയെ കൊലപ്പെടുത്തി മാല എടുത്ത് തിരികെ വെഞ്ഞാറമൂട് ജംഗ്ഷിനിലേക്ക് വരികയായിരുന്നു.

വെഞ്ഞാറമൂട് ജംഗ്ഷനിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മാല പണയംവെച്ച് 74000 രൂപ വാങ്ങിയെന്ന് പൊലീസ് പറയുന്നു. ഇതിൽ നിന്നും 40000 രൂപ ഫെഡറൽ ബാങ്കിലെ സ്വന്തം അക്കൗണ്ട് വഴി കടം വീട്ടുകയാണ് അഫാൻ ചെയ്തത്. ഇതിന് ശേഷമാണ് അടുത്ത കൊലപാതകങ്ങൾക്കായി എസ് എൻ പുരത്തുള്ള പിതാവിൻറെ സഹോദരൻറെ വീട്ടിലെത്തുന്നതും പണം ചോദിച്ച ശേഷം സഹാദോരനെയും ഭാര്യയേയും കൊലപ്പെടുത്തുന്നതും. അഫാൻറെ മാതാവ് ഷെമിക്ക് 65 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഫാൻറെ മൊഴിയെടുത്ത് സ്വന്തം നിലയിൽ കണ്ടെത്തി വിവരങ്ങൾ സ്ഥിരീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

കഴിഞ്ഞ ദിവസം രാത്രി ഡോക്ടറുടെ സമ്മതപ്രകാരം ആറ്റിങ്ങൾ ഡിവൈഎസ്പി മൊഴിയെടുക്കാൻ മെഡിക്കൽ കോളേജിലെത്തിയെങ്കിലും അഫാൻറെ മാനസികാവസ്ഥ ശരിയല്ലാത്തതിനാൽ മടങ്ങുകയായിരന്നു. ഇന്ന് മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അഫാൻറെയും ഷമിയുടെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. അഫാൻറെ ഗൂഗിൽ സേർച്ച് ഹിസ്റ്ററി പരിശോധിക്കാന് സൈബർ പൊലീസിനും കത്ത് നൽകി. കൂട്ട ആത്മഹത്യക്ക് വഴി തേടി ഗൂഗിളിൽ സെർച്ച് ചെയ്തിരുന്നുവെന്ന അഫാൻറെ മൊഴി സ്ഥിരീകരിക്കാനാണിത്.

Leave a Reply

Your email address will not be published. Required fields are marked *