
കണ്ണൂർ: ചെറിയനാട് ഭാസ്‌കര കാരണവർ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി ഷെറിനെതിരെ വീണ്ടും കേസ്. സഹതടവുകാരിയായ വിദേശ വനിതയെ അക്രമിച്ചതിനാണ് കേസ്.
വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയിൽമോചനം നൽകാൻ മന്ത്രിസഭാ യോഗം ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശ ഗവർണറുടെ പരിഗണനയിലിരിക്കെയാണ് പുതിയ കേസ് വന്നിരിക്കുന്നത്.
തിങ്കളാഴ്ച കണ്ണൂർ വനിത ജയിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയും വിദേശ വനിതയുമായ കെ.എം. ജൂലിയെ ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്‌നയും ചേർന്ന് മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
കുടിവെള്ളമെടുക്കാനായി പോയ വിദേശ വനിതയെ ഇവർ ചേർന്ന് തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും നെഞ്ചിൽ പിടിച്ചു തള്ളുകയും അക്രമിക്കുകയുമായിരുന്നു എന്നാണ് എഫ്ഐആറിലുള്ളത്.
കോളിളക്കം സൃഷ്ടിച്ച ഭാസ്‌കര കാരണവർ വധക്കേസിൽ 14 വർഷം തടവുശിക്ഷ പൂർത്തിയായ പ്രതി ഷെറിന് ശിക്ഷാഇളവ് നൽകിയ മന്ത്രിസഭ ശിപാർശ വിവാദത്തിന് വഴിവെച്ചിരുന്നു. ഒരു മാസം കൊണ്ടാണ് ശിക്ഷ ഇളവിനുള്ള ശിപാർശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തിയത്. അർഹരായ നിരവധി പേരുള്ളപ്പോഴാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്.
20 വർഷം ശിക്ഷ അനുഭവിച്ച രോഗികൾ പോലും ജയിലിൽ തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഷെറിനെ പരിഗണിച്ചത് വിവാദത്തിൽ കലാശിച്ചത്. ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ശിക്ഷാ ഇളവ് നൽകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, വിവിധ ജയിലുകളിൽ ഷെറിൻ ഉണ്ടാക്കിയ പ്രശ്‌നങ്ങളും പരിഗണിച്ചില്ല.
2009 നവംബർ എട്ടിനാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്‌കര കാരണവർ കൊല്ലപ്പെട്ടത്. മകന്റെ ഭാര്യയായിരുന്ന ഷെറിനും കാമുകനും ചേർന്നാണ് അമേരിക്കൻ മലയാളിയായ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയത്. മാവേലിക്കര അതിവേഗ കോടതിയാണ് ഷെറിനെ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. ഈ ഉത്തരവ് ഹൈകോടതി ശരിവെച്ചു. ഷെറിൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
മോഷണത്തെ തുടർന്നുണ്ടായ കൊലപാതകമെന്ന് ആദ്യം കരുതിയ കേസിലാണ് മരുമകളായ ഷെറിൻ പിടിയിലായത്. കാമുകൻ ബാസിത് അലി കേസിലെ രണ്ടാം പ്രതിയാണ്. തന്റെ വഴിവിട്ട ബന്ധം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഭാസ്‌കര കാരണവരെ ഷെറിൻ കൊലപ്പെടുത്തിയത്.
ഷെറിന്റെ ഫോൺ കോൾ പട്ടിക പരിശോധിച്ചപ്പോൾ ഒരു നമ്പരിലേക്ക് 55 കോളുകൾ പോയതായി കണ്ടെത്തി. രണ്ടാം പ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു ഫോൺ കോളുകൾ പോയത്. കൊല്ലപ്പെട്ട ഭാസ്‌കര കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയിൽ കാണപ്പെട്ട വലതു തള്ളവിരലിന്റെ പാട് ബാസിത് അലിയുടേതാണെന്ന് പിന്നീടു തെളിഞ്ഞു.