NewsPolitics

കെ. സുധാകരനെ ‘പുറത്താക്കുന്ന’ വാർത്താ ചാനലുകൾ അപഹാസ്യർ ആകരുത്: വി.ടി. ബൽറാം..

തിരുവനന്തപുരം: കെ. സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വന്നിട്ട് നാല് വർഷം തികയുന്നതിന് മുമ്പ് തന്നെ മലയാളത്തിലെ മാധ്യമങ്ങൾ അദ്ദേഹത്തെ പുറത്താക്കലിന് വേണ്ടി വാർത്ത കൊടുക്കുകയായിരുന്നുവെന്ന് വി.ടി. ബൽറാം. റിപ്പോർട്ടർ ചാനൽ ഇതുവരെ 37 തവണയും മറ്റ് ചാനലുകളും ഒരു 25-30 തവണ സമാന വാർത്തകൾ ഉണ്ടാക്കിയിട്ടുണ്ടാവും. വി.ടി. ബൽറാം ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി..

പോസ്റ്റ് ഇങ്ങനെ…

കെ സുധാകരൻ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് വന്നിട്ട് ഏതാണ്ട് 3 വർഷവും 8 മാസവുമായി. ഇതിൽ ആദ്യത്തെ എട്ടോ പത്തോ മാസം കഴിഞ്ഞപ്പോൾത്തൊട്ട് തുടങ്ങിയതാണ് ചില ‘വാർത്താ’ചാനലുകൾ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് മാറ്റാൻ വേണ്ടി.

കെ സുധാകരനെ ഇന്ന് മാറ്റും നാളെ മാറ്റും എന്ന് പറഞ്ഞ് ഓരോ രണ്ടാഴ്ച കൂടുമ്പോഴും വാർത്തയുണ്ടാക്കലാണ് ചില മാധ്യമങ്ങളുടെ പണി. റിപ്പോർട്ടർ ചാനൽ ഇതുവരെ 37 തവണ ഈ വാർത്ത നൽകിയിട്ടുണ്ട് എന്നാണ് ഏകദേശ കണക്ക്. അതിന്റെയൊക്കെ ചുവടുപിടിച്ച് മറ്റ് ചാനലുകളും ഒരു 25-30 തവണ സമാന വാർത്തകൾ ഉണ്ടാക്കിയിട്ടുണ്ടാവും. കൈരളി ചാനലിലെ വല്യേട്ടൻ സിനിമ പ്രദർശനത്തിന്റെ
എണ്ണത്തെ കവച്ചുവയ്ക്കും പല ചാനലുകളുടേയും ‘സുധാകരനെ മാറ്റൽ’ സ്റ്റോറികൾ.
എന്നിട്ടുമിപ്പോഴും കെ സുധാകരൻ കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് തുടരുന്നു. വി ഡി സതീശൻ പ്രതിപക്ഷ നേതൃപദവിയിലും തുടരുന്നു.

സമീപകാലത്തെ കോൺഗ്രസിലെ ഏറ്റവും വിജയകരമായ വിന്നിംഗ് കോംബിനേഷനായി അവർ പാർട്ടിക്കും മുന്നണിക്കും നേതൃത്വം നൽകുന്നു. ഇക്കാലയളവിൽ തൃക്കാക്കരയിൽ ഇരട്ടി ഭൂരിപക്ഷത്തിന് ജയിച്ചു. പുതുപ്പള്ളിയിൽ നാലിരട്ടി ഭൂരിപക്ഷത്തിന് ജയിച്ചു. പാലക്കാട്ട് അഞ്ചിരട്ടി ഭൂരിപക്ഷത്തിന് ജയിച്ചു. ചേലക്കരയിൽ എതിരാളികളുടെ ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞു. പാർലമെന്റിലേക്ക് 18 യുഡിഎഫ് എംപിമാർ ജയിച്ചു കയറി. അക്കൂട്ടത്തിൽ ഇതേ കെ സുധാകരനടക്കം പത്ത് പേർക്ക് ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവും നേടാനായി. ഏറ്റവുമൊടുവിൽ പ്രിയങ്കാ ഗാന്ധി 4 ലക്ഷത്തിലേറെ ലീഡ് നേടി കേരളത്തിൽ നിന്നുള്ള പാർലമെന്റംഗമായി.

ഇതിനിടയിൽ 16 തവണകളിലായി നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിൽ ഓരോന്നിലും യുഡിഎഫ് നില മെച്ചപ്പെടുത്തി. സംഘടനാപരമായി കോൺഗ്രസിന് പുതിയ ബ്ലോക്ക് കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളുമുണ്ടായി.

22000 ഓളം വാർഡ് കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിച്ച് പ്രസിഡണ്ടുമാർക്ക് ഐഡി കാർഡുകൾ വിതരണം ചെയ്യുന്നു. ഓരോ ദിവസവും നൂറ് കണക്കിന് സ്ഥലങ്ങളിൽ മഹാത്മാഗാന്ധി കുടുംബസംഗമങ്ങൾ നടന്നുവരുന്നു. വിലക്കയറ്റത്തിനെതിരേയും നികുതി ഭീകരതക്കെതിരേയും കറണ്ട് ചാർജ് വർദ്ധനവിനെതിരേയും ക്രമസമാധാനത്തകർച്ചക്കെതിരേയുമൊക്കെ ദൈനംദിനമെന്നോണം കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു.

ആശാ വർക്കർമാരടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങൾക്ക് വേണ്ടി കോൺഗ്രസ് തെരുവിലിറങ്ങുന്നു. ഭാരത് ജോഡോ യാത്രയിൽ ജനലക്ഷങ്ങളെ അണിനിരത്തുന്നു. വൈക്കം സത്യാഗ്രഹത്തിന്റെയും ഗാന്ധിജി കോൺഗ്രസ് അധ്യക്ഷനായതിന്റെയും ശതാബ്ദി ആഘോഷങ്ങൾ പാർട്ടി വിവിധ പരിപാടികളോടെ മുന്നോട്ടു കൊണ്ടുപോകുന്നു. എൽഡിഎഫ് എംഎൽഎമാർ പോലും ആ മാഫിയാകൂടാരം വിട്ട് പുറത്തുവരുന്നു.

അതുകൊണ്ട്, കോൺഗ്രസിന്റെ സംഘടനാ കാര്യങ്ങളിലുള്ള അമിതമായ താത്പര്യം ‘വാർത്താ’ചാനലുകൾ പൊടിക്കൊന്ന് കുറക്കണം എന്നഭ്യർത്ഥിക്കുന്നു. സംഘടനയുടെ ഏതെങ്കിലും തലത്തിൽ മാറ്റങ്ങൾ വേണമെന്നുണ്ടെങ്കിൽ ഉചിതമായ സമയത്ത് കോൺഗ്രസ് പാർട്ടി അത് നടപ്പിലാക്കിക്കൊള്ളും. അപ്പോൾ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്യും.

അതുവരെ ഗോസിപ്പ് പരത്തി സ്വയം അപഹാസ്യരാവാതിരിക്കാനുള്ള വിവേകമെങ്കിലും മാധ്യമങ്ങൾ കാണിക്കണം. നിങ്ങളെ ഇങ്ങനെയുള്ള പ്ലാന്റഡ് വാർത്തകൾ നൽകി വഴിതെറ്റിക്കാൻ നോക്കുന്ന ‘സോഴ്‌സു’കൾക്ക് അവരുടേതായ നിക്ഷിപ്ത താത്പര്യങ്ങളുണ്ടാവും. പക്ഷേ മൂന്ന് വർഷമായി ഒരേ വാർത്ത തന്നെ ഇങ്ങനെ തിരിച്ചും മറിച്ചും ആവർത്തിച്ച് നൽകി നാണം കെടുമ്പോഴെങ്കിലും മാധ്യമങ്ങൾ അൽപ്പസമയം ആത്മപരിശോധന നടത്തിയാൽ എത്ര നന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *