News

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഉടൻ അംഗീകാരം നൽകണം; വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് എയ്ഡഡ് സ്‌കൂൾ നിയമനത്തിൽ പുതിയ ഉത്തരവുമായി സംസ്ഥാന സർക്കാർ. ഭിന്നശേഷി നിയമനം പൂർത്തിയാക്കിയ സ്‌കൂളുകളിലെ മറ്റെല്ലാ നിയമനങ്ങൾക്കും ഉടൻ അംഗീകാരം നൽകണമെന്നാണ് ഉത്തരവ്. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഈമാസം 22ാം തീയതി ഉത്തരവിറക്കിയത്.

സംസ്ഥാനത്ത് നിരവധി അധ്യാപകർ വർഷങ്ങളായി ഒരു രൂപ പോലും ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്നുവെന്ന കാര്യങ്ങൾ വലിയ ചർച്ചയായതിന് പിന്നാലെയാണ് സർക്കാർ നടപടി. കഴിഞ്ഞ ദിവസം കോടഞ്ചേരിയിൽ അധ്യാപിക ജീവനൊടുക്കിയിരുന്നു.

ഭിന്നശേഷിനിയമനം പൂർത്തിയാക്കിയ സ്‌കൂളുകളിലെ സ്ഥിരം നിയമന അപേക്ഷകളിൽ ഉടൻ തീർപ്പാക്കാൻ ഉത്തരവ് നിർദേശിക്കുന്നുണ്ട്. ഇതിൽ വീഴ്ച വരുത്തിയാൽ കൃത്യവിലോപമായി കണക്കാക്കും. താൽക്കാലിക നിയമനം ലഭിച്ച അധ്യാപകർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് അംഗത്വം കൂടി നൽകാം. സ്ഥിരം പോസ്റ്റ് ഒഴിവുവന്നാൽ താൽക്കാലിക ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകാമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ 22ാം തീയതി പുറപ്പെടുവിച്ച ഉത്തരവ് വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ഭിന്നശേഷി സംവരണം നടപ്പാക്കാത്ത എയ്ഡഡ് സ്‌കൂളുകളിൽ കഴിഞ്ഞ മൂന്ന് വർഷം നടത്തിയ സ്ഥിര നിയമനം റദ്ദാക്കി ഉത്തരവ് ഇറക്കിയതോടെയാണ് വലിയൊരു വിഭാഗം അധ്യാപകരുടെ ജീവിതത്തിൽ കരിനിഴൽ വീണത്.

1996 മുതൽ 3 %വും 2016 മുതൽ 4 %വും ഭിന്നശേഷിക്കാരെ സ്‌കൂളുകളിൽ നിയമിക്കണമെന്നാണു വ്യവസ്ഥ. ഈ സംവരണം പൂർത്തിയാക്കിയ സ്‌കൂളുകളിലെ നിയമനങ്ങൾക്കു സർക്കാർ അംഗീകാരം നൽകുന്നുണ്ട്. സംവരണം നടപ്പാക്കാത്ത സ്‌കൂളുകളിൽ നിയമിക്കുന്നവർക്കു ദിവസവേതനക്കാരായുള്ള അംഗീകാരമാണു നൽകുന്നത്. ഈ സ്ഥാപനങ്ങൾ ഭിന്നശേഷി സംവരണം പൂർത്തിയാക്കുമ്പോൾ ദിവസവേതനക്കാർക്കു മുൻകാല പ്രാബല്യത്തോടെ സ്ഥിരനിയമന അംഗീകാരം നൽകുമെന്നാണു സർക്കാർ വ്യക്തമാക്കിയിരുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്നു പട്ടിക വാങ്ങിയാണു ഭിന്നശേഷിക്കാരെ നിയമിക്കേണ്ടത്. സംസ്ഥാനത്തെ 14,205 സ്‌കൂളുകളിൽ 5,995 എണ്ണം സർക്കാർ സ്‌കൂളുകളും 8,210 എണ്ണം എയ്ഡഡുമാണ്.

അഞ്ചുവർഷം ശമ്പളമില്ലാതെ ജോലിചെയ്തു ജീവിതം വഴിമുട്ടിയ അധ്യാപികയുടെ മരണം വേണ്ടിവന്നു വിദ്യാഭ്യാസ വകുപ്പിന് അനക്കം വെക്കാൻ എന്നതാണ് സങ്കടകരമായ ഒരുകാര്യം. അലീന സണ്ണി എന്ന അധ്യാപികയ്ക്ക് കോഴിക്കോട് കട്ടിപ്പാറ ഹോളിഫാമിലി എൽ.പി സ്‌കൂളിൽ സ്ഥിരം തസ്തികയിൽ നിയമനം ലഭിച്ചെങ്കിലും ഭിന്നശേഷി സംവരണ നിയമനം ഉൾപ്പെടെയുള്ള തടസങ്ങൾ ഉയർത്തി വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നൽകിയിരുന്നില്ല എന്നാണ് ആക്ഷേപം ഉയർന്നത്. ഇത്തരത്തിൽ 16000 അധ്യാപകരാണ് നിയമന അംഗീകാരമില്ലാതെ വലയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *