
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ 23കാരന്‍ അഫാന്‍ കൂട്ടക്കൊല നടത്തിയതിന് പിന്നിൽ ദുരൂഹത തുടരുന്നു. പ്രണയം വീട്ടുകാർ അംഗീകരിക്കാത്തതിന്റെ വൈരാഗ്യമാണോ? സാമ്പത്തിക ബാധ്യതയാണോ കൂട്ടക്കുരുതിക്ക് പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇയാൾക്ക് ലഹരി ഉപയോഗം ഉണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
പ്രതി അഫാൻ്റെ പിതാവിന്‍റെ മാതാവ് സൽമാ ബീവി, പ്രതിയുടെ അനുജൻ അഫ്സാൻ (13), പെണ്‍സുഹൃത്ത് ഫര്‍സാന (19), പിതാവിന്‍റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവർക്ക് മുഖത്തും തലയിലും ആണ് ചുറ്റികക്ക് അടി ഏറ്റിരിക്കുന്നത്. ഫർസാനയുടെ മുഖം തകർന്നിരുന്നു. ലത്തിഫിൻ്റെ മൃതഹം കസേരയിൽ ഇരിക്കുന്ന നിലയിൽ ആയിരുന്നു. വയോധിക രക്തത്തിൽ കുളിച്ച് നിലത്ത് കിടക്കുന്ന നിലയിൽ ആണ് കണ്ടെത്തിയത്.
കൊലപാതകം നടത്തിയതിന് പ്രതി പല കാരണങ്ങൾ ആണ് പറയുന്നത്. ചുറ്റിക ഉപയോഗിച്ച് അടിച്ചാണ് എല്ലാരേയും കൊലപ്പെടുത്തിയത്. ആദ്യം മുത്തശ്ശി സൽമ ബീവിയാണ് കൊല്ലപ്പെട്ടത്.
വിദേശത്തെ സ്‌പെയര്‍ പാര്‍ട്ട്‌സ് കട പൊളിഞ്ഞ വലിയ സാമ്പത്തിക ബാധ്യത താങ്ങാനാവാതെയാണ് കൊല നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. നാട്ടിലടക്കം പലരില്‍ നിന്നായി വന്‍ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.
കടബാധ്യത കാരണം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടിക്കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. എലി വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദേശത്ത് സ്പെയര്‍പാര്‍ട്സ് കടയുള്ള പിതാവിന്‍റെ ബിസിനസ് തകര്‍ന്നതാണ് കടബാധ്യതയ്ക്ക് കാരണമെന്നുമാണ് പ്രതിയുടെ മൊഴി. കടബാധ്യതയ്ക്കിടെ പെണ്‍സുഹൃത്തിനെ വീട്ടിൽ വിളിച്ചു കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ തര്‍ക്കമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ബന്ധുവീടുകളിലേക്കും പോയെന്നും അവിടെയും തര്‍ക്കമുണ്ടായെന്നും സഹായം ചോദിച്ചിട്ട് ആരും കൂടെ നിന്നില്ലെന്നും പ്രതി മൊഴി നൽകി. പ്രതിയുടെ മാതാവുമായാണ് തര്‍ക്കമുണ്ടായത്. ആദ്യം മാതാവിന്‍റെ കഴുത്ത് ഞെരിച്ചു. ഇതിനുശേഷം മരിക്കാൻ തീരുമാനിച്ചു. എന്നാൽ, സഹായം ചോദിച്ച് ബന്ധുക്കളെ സമീപിച്ചപ്പോള്‍ ആരും കടം തന്നില്ലെന്നും പ്രതി മൊഴി നൽകി.
ഇതിനുപിന്നാലെയാണ് കൂട്ടക്കൊല നടത്തിയത്. അതേസമയം, പ്രതിയുടെ പെണ്‍സുഹൃത്തിനെ ഇന്ന് വൈകിട്ടാണ് വീട്ടിലേക്ക് കൂട്ടികൊണ്ടുന്നത്. ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് വെഞ്ഞാറമൂടിലെ വീട്ടിൽ നിന്ന് പെണ്‍കുട്ടി ഫര്‍സാൻ പോയതെന്ന് ഗ്രാമപഞ്ചായത്തംഗം പറഞ്ഞു. ട്യൂഷൻ എന്നുപറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. പിജി വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട ഫര്‍സാന.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേക്ക് അഫാന്‍ കടന്നുവന്നത്. സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് താന്‍ ആറ് പേരെ കൊലപ്പെടുത്തിയെന്ന് അറിയിച്ചു. കൃത്യമായി കൊല നടത്തിയ സ്ഥലങ്ങളും യുവാവ് പൊലീസിനെ അറിയിച്ചു. പൊലീസിന്റെ മൂന്നു ടീം ഈ മൂന്ന് സ്ഥലങ്ങളില്‍ എത്തുമ്പോഴാണ് കൂട്ടക്കൊലയുടെ വിവരം പുറം ലോകം അറിഞ്ഞത്.