CrimeNews

അറസ്റ്റ് ചെയ്യാൻ നിർദ്ദേശം; പി.സി. ജോർജ് ഒളിവിൽ; ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ നടപടി

കോട്ടയം: വിദ്വേഷ പരാമർശം നടത്തിയ കേസിൽ മുൻ എംഎൽഎയും ബിജെപി നേതാവുമായ പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ നിർദേശം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് നീക്കം. പോലീസ് മേധാവിയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോർജിനെതിരെ കേസെടുത്തത്. കോട്ടയം ജില്ലാ സെഷൻസ് കോടതിയും ഹൈക്കോടതിയും ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ജോർജ് നിരന്തരം ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നതിനാൽ മുൻകൂർ ജാമ്യം നൽകില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. ജോർജ് കോടതികളുടെ ജാമ്യവ്യവസ്ഥകൾ നിരന്തരം ലംഘിക്കുന്നത് ഏറെ ഗൗരവമുള്ള വിഷയമാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചു.

പിസി ജോർജ് ഒളിവിൽ

അതേസമയം, അറസ്റ്റ് നീക്കം ശക്തമായതോടെ പി.സി ജോർജ് ഒളിവിൽ പോയെന്നാണ് സൂചന. ജോർജിന് നോട്ടീസ് നൽകാൻ പൊലീസ് വീട്ടിലെത്തിയെങ്കിലും നേരിട്ട് നൽകാനായില്ല. പൊലീസ് രണ്ട് തവണ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയെങ്കിലും ഇദ്ദേഹത്തെ കാണാനായില്ല. ജോർജ് വീട്ടിലില്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം. അറസ്റ്റ് ഒഴിവാക്കാൻ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നും വിവരമുണ്ട്.

കടുത്ത നിരീക്ഷണങ്ങളോടെയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. പ്രഥമ ദൃഷ്ട്യാ മതവിദ്വേഷത്തിനെതിരായ കുറ്റം നിലനിൽക്കും. പൊതുമധ്യത്തിൽ മാപ്പുപറഞ്ഞ് കുറ്റകൃത്യത്തെ ലഘൂകരിക്കാൻ ആവില്ല. വർഷങ്ങൾ ജനപ്രതിനിധിയായിരുന്ന ഒരാളുടെ പരാമർശങ്ങൾ സമൂഹം കാണുന്നുണ്ട്. പ്രകോപനത്താലാണ് പരാമർശമെങ്കിൽ ജോർജിന് രാഷ്ട്രീയ നേതാവായി തുടരാൻ അർഹതയില്ല. ഭരണഘടനാ ആശയമായ മതേതരത്വത്തെ അപകടത്തിലാക്കുന്നതാണ് പി.സി ജോർജിൻറെ പരാമർശമെന്നും കോടതി നിരീക്ഷിച്ചു. കുറ്റക്കാർക്ക് പിഴയടച്ച് രക്ഷപ്പെടാൻ അവസരം ഉണ്ടാകരുത്. ഇത്തരം കുറ്റങ്ങൾക്കുള്ള ശിക്ഷാവിധി ഉയർത്തുന്ന കാര്യം നിയമ കമ്മീഷനും പാർലമെൻറും പരിശോധിക്കണമെന്നും ഉത്തരവിൽ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *