
KSRTC പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ ശമ്പളം പിടിക്കും
KSRTC ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ മാനേജ്മെൻ്റ്. ഡയസ്‌നോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ നടപടി. ഡയസ്‌നോണ്‍ എന്‍ട്രി വരുന്ന ജീവനക്കാരുടെ ബില്ലുകള്‍ പ്രത്യേകമായി പ്രോസസ് ചെയ്യണം. സ്പാര്‍ക്ക് സെല്ലില്‍ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് മാത്രം അപ്പ്രൂവ് ചെയ്യാനും നിര്‍ദ്ദേശിച്ചു.
12 ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു ഐഎന്‍ടിയുസി സംഘടനകള്‍ ഫെബ്രുവരി നാലിന് പണിമുടക്കിയത്. പണിമുടക്കൊഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. പണിമുടക്ക് നേരിടാനായാണ് കെഎസ്ആര്‍ടിസി ഡയസ്‌നോണ്‍ പ്രഖ്യാപിച്ചത്.
ജോലിക്കെത്തുന്നവരെ തടഞ്ഞാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ പറഞ്ഞു. പണിമുടക്ക് സര്‍വീസുകളെ ബാധിക്കാതിരിക്കാന്‍ താല്‍ക്കാലിക ജീവനക്കാരുടെ ഉള്‍പ്പെടെ സേവനം തേടിയിട്ടുണ്ട്.
ശമ്പളവും പെന്‍ഷനും എല്ലാ മാസവും ഒന്നാം തീയതി വിതരണം ചെയ്യുക, ഡിഎ കുടിശിക പൂര്‍ണമായും അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ടിഡിഎഫിന്റെ പണിമുടക്ക്.