ആത്മഹത്യ ചെയ്ത അധ്യാപികയുടെ നിയമനം വൈകിപ്പിച്ചത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും കാത്തലിക് ടീച്ചേർസ് ഗില്‍ഡ് .
വിദ്യാഭ്യാസ വകുപ്പിൻ്റെ അനാസ്ഥതയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ അലംഭാവവും മൂലം വർഷങ്ങളായി നിയമനാംഗീകാരവും ശമ്പള ആനുകൂല്യങ്ങളും ലഭിക്കാതെ കഷ്ടപ്പെടുന്ന അധ്യാപകരുടെ രക്തസാക്ഷിയാണ് അലീനയെന്നായിരുന്നു കാത്തലിക് ടീച്ചേർസ് ഗില്‍ഡിൻ്റെ പ്രതികരണം.
ദീർഘകാല അവധിയിലായിരുന്ന അധ്യാപിക ജോലിയില്‍ നിന്നും രാജിവെച്ചുണ്ടായ ഒഴിവില്‍ അലീന ബെന്നിയ്ക്ക് 2021 മുതല്‍ സ്ഥിരനിയമനം ലഭിച്ചുവെങ്കിലും ഭിന്നശേഷി സംവരണം അടക്കമുള്ള തടസവാദം ചൂണ്ടിക്കാട്ടി വിദ്യാഭാസ വകുപ്പ് അധികൃതർ നിയമനം അംഗീകരിക്കാൻ തയ്യാറാവാതിരിക്കുകയായിരുന്നു.
അധ്യാപികയും പിതാവും ആവശ്യപ്പെട്ടതനുസരിച്ച് കോടഞ്ചേരി എല്‍ പി സ്കൂളില്‍ ഉണ്ടായ റഗുലർ തസ്തികയിലേക്ക് മാറ്റി നിയമനം നല്‍കുകയാണ് ചെയ്തത്. മാനേജ്മെൻ്റിനെതിരെഉയരുന്നആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ഗൂഢ ലക്ഷ്യത്തോടെയുള്ളതുമാണ്. അലീന ബെന്നിയ്ക്ക് നല്‍കിയത് സ്ഥിര നിയമനമാണ്. ഇതിനായി സംഭാവന വാങ്ങിയിട്ടില്ല. അധ്യാപികയ്ക്ക് നിയമന അംഗീകാരം ലഭിക്കാത്തതില്‍ സ്കൂള്‍ മാനേജ്മെൻ്റിന് യാതൊരു പങ്കുമില്ല. അലീനയ്ക്ക് മാനേജ്മെൻ്റ് സ്വന്തം നിലയില്‍ (പതിമാസം താല്‍ക്കാലിക ധനസഹായം നല്‍കിയിരുന്നുവെന്നും കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് മലബാർ മേഖല കമ്മിറ്റി പുറത്തിറക്കിയ വാർത്താ കുറിപ്പില്‍ പറയുന്നു.
കട്ടിപ്പാറ പഞ്ചായത്തില്‍ മൂന്നാം വാർഡ് താഴ്വാരം സ്വദേശിയാണ് മരിച്ച അലീന. നാല് വർഷമായി കട്ടിപ്പാറ ഹോളി ഫാമിലി എല്‍ പി സ്കൂളിലാണ് അവർ ജോലി ചെയ്തിരുന്നത്. എന്നാല്‍ ഇവിടുത്തെ ജോലി നഷ്ടമാകുമെന്ന സ്ഥിതി വന്നപ്പോള്‍ പള്ളിക്കമ്മിറ്റി ഇടപെട്ടാണ് കോടഞ്ചേരിയിലേക്ക് ജോലി മാറ്റം നല്‍കിയതെന്ന് അലീനയുടെ പിതാവ് പറയുന്നു.