മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിൻ ഉൾപ്പെടെ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ 175.96 കോടിയുടെ പദ്ധതികൾ കെ.എൻ. ബാലഗോപാൽ വെട്ടിക്കുറച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
സ്കൂള്‍ വിദ്യാഭ്യാസത്തിൻ്റെ 126.35 കോടിയും ഹയർ സെക്കണ്ടറിയുടെ 7.65 കോടിയും വൊക്കേഷണൽ ഹയർ സെക്കണ്ടറിയുടെ 1.50 കോടിയും ആണ് വെട്ടി കുറച്ചത്. ഇത് കൂടാതെ എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ, സീമാറ്റ്, കൈറ്റ്, എസ്.ഐ.എം.സി എന്നി സ്ഥാപനങ്ങളുടെ പദ്ധതികളും വെട്ടിക്കുറച്ചു. 40.46 കോടിയാണ് ഈ സ്ഥാപനങ്ങളുടെതില്‍ നിന്ന് വെട്ടിക്കുറച്ചത്.
സ്കൂള്‍ വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരവും അധ്യാപനത്തിൻ്റെയും പഠനത്തിൻ്റെയും ഗുണ നിലവാരവും മെച്ചപ്പെടുത്താൽ 70 ലക്ഷം രൂപയാണ് 2024 – 25 ബജറ്റിൽ വകയിരുത്തിയത്. ഇത് 11 ലക്ഷമാക്കി വെട്ടി കുറച്ചു. 84.29 ശതമാനമാണ് ഈ പദ്ധതിയുടെ വെട്ടിക്കുറവ്. ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താൻ ജില്ലാ കേന്ദ്രങ്ങൾക്ക് 1 കോടി വകയിരുത്തിയത് 60 ലക്ഷമാക്കി വെട്ടി കുറച്ചു. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന് 1.25 കോടി വകയിരുത്തിയത് 75 ലക്ഷമാക്കി വെട്ടിക്കുറച്ചു.
ഗവൻമെൻ്റ് സ്പെഷ്യൽ സ്കൂളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തലും അധ്യാപന പരിശീലനത്തിനും വകയിരുത്തിയ 1.60 കോടി 80 ലക്ഷമാക്കി വെട്ടി കുറച്ചു. ശാസ്ത്രായനവും ശാസ്ത്രരംഗത്തിനും 1.10 കോടി വകയിരുത്തിയത് 10 ലക്ഷമാക്കി വെട്ടി കുറച്ചു. വെട്ടികുറവിൻ്റെ ശതമാനം 90.91. സ്കൂളുകളിലെ വിദ്യാർത്ഥികൾക്കിടയിൽ വായന ശീലം വളർത്തിയെടുക്കുന്നതിന് ആവിഷ്കരിച്ച വായനയുടെ വസന്തത്തിന് 30 ലക്ഷമാണ് വകയിരുത്തിയത്. ഈ പദ്ധതിയുടെ മുഴുവൻ തുകയും വെട്ടിക്കുറച്ചു. ആരും വായിച്ച് വളരണ്ട എന്നായിരിക്കും ബാലഗോപാൽ നിലപാട്.

പഠനാന്തരീക്ഷം മെച്ചപ്പെടുത്താൻ 2.10 കോടി ബജറ്റിൽ വകയിരുത്തിയതിന് ഒരു രൂപ പോലും കൊടുക്കണ്ട എന്നാണ് പുതിയ ഉത്തരവ്. കലയിൽ വൈഭവമുള്ള നിർധനരായ വിദ്യാർത്ഥികൾക്ക് ധനസഹായത്തിന് 75 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. ഇത് 10 ലക്ഷമാക്കി വെട്ടി കുറച്ചു.
പ്രത്യേക ശ്രദ്ധ അർഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ധനസഹായത്തിന് 14.80 കോടി ബജറ്റിൽ വകയിരുത്തിയത് 10 കോടിയായി വെട്ടിക്കുറച്ചു. മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിനിന് വേണ്ടി വകയിരുത്തിയ 1.50 കോടി 65 ലക്ഷമാക്കി വെട്ടിക്കുറച്ചു. അതി ദരിദ്രരായ കുട്ടികൾക്ക് പിന്തുണ നൽകാൻ 1.50 കോടി ബജറ്റിൽ വകയിരുത്തിയത് 75 ലക്ഷമാക്കി വെട്ടിക്കുറച്ചു. അക്കാദമിക്ക് മോണിറ്ററിംഗിന് വകയിരുത്തിയ 1.55 കോടി 80 കോടിയായി വെട്ടിക്കുറച്ചു.

സ്കൂൾ കുട്ടികൾക്ക് കൈത്തറി സൗജന്യ യൂണിഫോം നൽകാൻ 75 കോടി ബജറ്റിൽ വകയിരുത്തിയെങ്കിലും ഈ പദ്ധതിക്ക് ഒരു രൂപ പോലും കൊടുക്കണ്ട എന്നാണ് പുതിയ സർക്കാർ ഉത്തരവ്. ഓട്ടിസം പാർക്കിന് വകയിരുത്തിയ 50 ലക്ഷം 30 ലക്ഷമാക്കി വെട്ടിക്കുറച്ചു. കുട്ടികൾക്ക് ഏറ്റവും ആവശ്യം വേണ്ട പദ്ധതികളിൽ പോലും ബാലഗോപാൽ വെട്ടിക്കുറവ് നടത്തിയെന്ന് വ്യക്തം.
പൊതുവിഭ്യാഭ്യാസ വകുപ്പിലെ പദ്ധതികൾ വെട്ടികുറച്ചത് സംബന്ധിച്ച് കെ. ബാബു എം എൽ എ മന്ത്രി ശിവൻകുട്ടിയോട് ഈ മാസം 12 ന് ചോദ്യം ഉന്നയിച്ചിരുന്നു. ഇതിൻ്റെ മറുപടിയിലാണ് മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിനിൻ്റെ തുക ഉൾപ്പെടെ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ വെട്ടിക്കുറച്ച പദ്ധതികളുടെ വിവരം ശിവൻകുട്ടി വ്യക്തമാക്കിയത്.