കുട്ടനാട് സീറ്റ് എൻസിപിയിൽ നിന്ന് മാറ്റാൻ വീണ്ടും ആവശ്യം ഉന്നയിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോമസിനെതിരെ രൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി നടേശൻ നടത്തിയത്. തോമസ് കെ തോമസ് പോഴൻ എംഎൽഎയാണെന്ന് അദ്ദേഹം പറഞ്ഞു. തോമസ് എൻസിപി സംസ്ഥാന അധ്യക്ഷനാകുമന്ന് ഉറപ്പായതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ കടന്നാക്രമണം.
തോമസ് കെ തോമസിന് എംഎൽഎ ആകാനുള്ള യാതൊരു യോഗ്യതയും ഇല്ലെന്നാണ് വെള്ളാപ്പള്ളി നടേശൻ പറയുന്നത്. ചേട്ടൻ മരിച്ചപ്പോൾ കിട്ടിയ സ്ഥാനമാണ്. എംഎൽഎ സ്ഥാനം കിട്ടിയത് തന്നെ ഔദാര്യമാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്ന് വെള്ളപ്പള്ളി ആവശ്യപ്പെട്ടു. എസ്എൻഡിപി നൂറ് ശതമാനം പിന്തുണയ്ക്കുമെന്നും കുട്ടനാട്ടിലും അരൂരിലും ഈഴവ സ്ഥാനാർത്ഥികൾ വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എൻസിപി മുൻ സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയെയും വെള്ളാപ്പള്ളി വിമർശിച്ചു. പിസി ചാക്കോ നിൽക്കുന്നിടം നാല് കഷ്ണമാക്കും. ആളില്ല പാർട്ടിയിൽ ഏത് ഏഭ്യനും സംസ്ഥാന അധ്യക്ഷൻ ആകാം ചാക്കോ വടി വെച്ചിടത്ത് കുട വയ്ക്കില്ലെന്നും വെള്ളാപ്പള്ളി പറയുന്നു. കുട്ടനാട് സീറ്റിൽ തോമസ് കെ തോമസ് വീണ്ടും മത്സരിക്കുന്നതിനെ കഴിഞ്ഞ കുറച്ചുകാലങ്ങളായി വെള്ളാപ്പള്ളി നടേശൻ എതിർത്തുവരികയാണ്.
കുട്ടനാട് ഈഴവ ശക്തി കേന്ദ്രമാണെന്നും അവിടേക്ക് സിപിഎം സ്ഥാനാർത്ഥി വരണമെന്നുമാണ് വെള്ളാപ്പള്ളി പരസ്യമായി പറയുന്നതെങ്കിലും ഇതിന് പിന്നിൽ ബിഡിജെഎസുമായി ബന്ധപ്പെട്ട നീക്കമാണെന്നാണ് വിലയിരുത്തൽ. കുട്ടനാട് സീറ്റിൽ മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളിക്ക് സിപിഎം സീറ്റ് നൽകിയാൽ. നിലവിൽ എൻഡിഎയിലുള്ള ബിഡിജെഎസ് ഇടതുമുന്നണിക്കൊപ്പം ചേരുമെന്ന പ്രചാരണമാണ് ആലപ്പുഴയിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് കോൺഗ്രസിനെയും നേതാക്കളെയും പരസ്യമായി വെള്ളാപ്പള്ളി വിമർശിക്കുന്നതെന്നാണ് കരുതുന്നത്.
അതേസമയം, സിപിഎം നേതാക്കൾ പുകഴ്ത്തിയ ശശി തരൂർ എംപിയെ പുകഴ്ത്താനും വെള്ളാപ്പള്ളി നടേശൻ ഇന്ന് തയ്യാറായി. തരൂരിനെ അഭിനന്ദിക്കണമെന്നും ആർക്കും അടിമപ്പെടാതെ ഉള്ളതു പറയുന്നയാളാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശശി തരൂർ പറയുന്നത് സാമൂഹിക സത്യം. അതിനെ കോൺഗ്രസ് വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്നാണ് വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നത്.
ശശി തരൂർ വിദ്യാസമ്പന്നനാണെന്നും ആരുടെ കയ്യിൽ നിന്നും പണം പിരിക്കാത്തയാളാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തരൂരിന പണ്ടേ വളഞ്ഞിട്ട് ആക്രമിക്കുന്നവരാണ് കോൺഗ്രസുകാർ. സത്യങ്ങളെ കണ്ടുപഠിച്ചു അത് പുറത്തു പറയുന്ന ആളാണ് തരൂരെന്നും വെള്ളാപ്പള്ളി പറഞ്ഞു.