
സാംസ്കാരിക വകുപ്പിൻ്റെ 52.27 കോടിയുടെ പദ്ധതികൾ വെട്ടിക്കുറച്ചെന്ന് മന്ത്രി സജി ചെറിയാൻ
കെ.എൻ. ബാലഗോപാലിൻ്റെ പ്ലാൻ ബി: സാംസ്കാരിക സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ
സാംസ്കാരിക വകുപ്പിൻ്റെ പദ്ധതി വിഹിതം 52.27 കോടി വെട്ടിക്കുറച്ചെന്ന് മന്ത്രി സജി ചെറിയാൻ. 2024- 25 ൽ 115. 14 കോടി രൂപയായിരുന്ന പദ്ധതി വിഹിതം 62.87 കോടിയായി വെട്ടിച്ചുരുക്കി. ഇതിലൂടെ സാംസ്കാരിക വകുപ്പിന് ലഭിക്കേണ്ട അർഹമായ ബജറ്റ് വിഹിതത്തിൽ 52.27 കോടിയുടെ കുറവാണ് ഉണ്ടായത്.
പദ്ധതി വിഹിതം വെട്ടി കുറച്ചതോടെ സാംസ്കാരിക വകുപ്പിൻ്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം നിലച്ചു. കെ.എൻ. ബാലഗോപാലിൻ്റെ പ്ലാൻ ബിയുടെ ഭാഗമായുള്ള വെട്ടിക്കുറവാണ് സാംസ്കാരിക വകുപ്പിലും നടന്നത്. സാംസ്കാരിക വകുപ്പിൻ്റേയും വകുപ്പിന് കീഴിലുളള 23 ഓളം സ്ഥാപനങ്ങളുടേയും പദ്ധതി വിഹിതമാണ് വെട്ടി കുറച്ചത്.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ, സംഗീത നാടക അക്കാദമി, സാഹിത്യ അക്കാഡമി, ലളിതകലാ അക്കാഡമി, ഫോക് ലോർ അക്കാഡമി, കലാമണ്ഡലം, ചലച്ചിത്ര അക്കാഡമി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സർവ്വ വിജ്ഞാന കോശം, ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സ്റ്റേറ്റ് ബുക്ക് മാർക്ക്, വാസ്തു വിദ്യാ ഗുരുകുലം, ഭാരത് ഭവൻ, ഗുരു ഗോപിനാഥ് നടനഗ്രാമം, പൈതൃക പഠന കേന്ദ്രം, ജവഹർ ബാലഭവൻ, കുമാരനാശാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, മാർഗ്ഗി , മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാഡമി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, മലയാളം മിഷൻ, ശ്രീ നാരായണ ഇൻ്റർനാഷണൽ സ്റ്റഡി സെൻ്റർ, തുഞ്ചൻ മെമ്മോറിയൽ ട്രസ്റ്റ് എന്നീ സ്ഥാപനങ്ങളുടെ പദ്ധതികളാണ് വെട്ടി കുറച്ചത്.
