ചാലക്കുടി പോട്ട ബാങ്ക് കവർച്ച കേസ് പ്രതി റിജോ ആൻ്റണിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബാങ്ക് മാനേജർ മരമണ്ടൻ ആണെന്ന് റിജോ ആൻ്റണി പൊലീസിനോട് പറഞ്ഞു. കത്തി കാട്ടിയ ഉടൻ ബാങ്ക് മാനേജർ മാറിത്തന്നു. മാനേജർ ഉൾപ്പെടെയുള്ള രണ്ട് ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ മോഷണത്തിൽ നിന്നും പിന്മാറിയേനെ എന്നും പ്രതി പോലീസിനോട് പറഞ്ഞു. മോഷ്ടിച്ച 12 ലക്ഷം രൂപയും സൂക്ഷിച്ചത് വീട്ടിൽ തന്നെയാണെന്നും പ്രതി പറഞ്ഞു. പ്രതി റിജോ ആൻ്റണിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കിയേക്കും.
ചെലവാക്കിയ ബാക്കി പണം സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. മുപ്പത്തിയാറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കഴിഞ്ഞദിവസമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തൃശൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
ഫെബ്രുവരി 14ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മുഖം മൂടി ധരിച്ചെത്തിയ പ്രതി ബാങ്ക് കവർച്ച നടത്തിയത്. ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോകുന്ന സമയത്ത് മുഖം മറച്ച ഒരാൾ കത്തിയുമായി ബാങ്കിലേക്ക് കടന്നുവരികയായിരുന്നു. ആ സമയത്ത് ബാങ്കിലുണ്ടായിരുന്ന ജീവനക്കാരെ കത്തികാട്ടി ഭാഷണിപ്പെടുത്തി ടൊയ്‌ലെറ്റിനുള്ളിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് ഇയാൾ ക്യാഷ് കൗണ്ടർ തല്ലിപ്പൊളിച്ച് അവിടെയുണ്ടായിരുന്ന പണം മുഴുവൻ കൊള്ളയടിച്ചു. ഏകദേശം 15 മിനിറ്റ് സമയത്തിനുള്ളിൽ ഇയാൾ മോഷണം പൂർത്തിയാക്കി ബാങ്കിൽ നിന്നും രക്ഷപ്പെട്ടിരുന്നു. മോഷണം നടന്ന സമയം എട്ട് ജീവനക്കാരാണ് ബാങ്കിലുണ്ടായിരുന്നത്.