ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ പട്ടാപ്പകൽ മോഷണം നടത്തിയ പ്രതിയെ കുടുക്കിയത് കേരള പോലീസിന്റെ പഴുതടച്ച അന്വേഷണം. മോഷണവുമായി ബന്ധപ്പെട്ട് ചാലക്കുടി പോട്ട സ്വദേശി റിജോ ആന്റണി (44) ആണ് പിടിയിലായത്. ഞായറാഴ്ച വൈകുന്നേരത്തെടെയാണ് പോട്ടയിലെ സ്വന്തം വീട്ടിൽ നിന്നാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. ഇത്രയും വാർത്താ പ്രാധാന്യം നേടിയ മോഷണത്തിന് ശേഷവും നാടുവിടാതിരുന്നത് ആസൂത്രണത്തിൽ അയാൾ കാണിച്ച ബുദ്ധിയും പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസവുമായിരുന്നെന്ന് പോലീസ്.
മോഷണത്തിനായി കൃത്യമായ ആസൂത്രണങ്ങൾ ഇയാൾ നടത്തിയിരുന്നു. ബാങ്ക് മോഷണത്തെക്കുറിച്ചുള്ള വാർത്തകളൊക്കെ വീട്ടിലിരുന്ന് കാണുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് വൈകുന്നേരത്തോടെ പോലീസ് ഇയാളുടെ വീട്ടിലെത്തിയപ്പോൾ ഇയാൾ ഞെട്ടുകയായിരുന്നുവെന്ന് തൃശൂർ റൂറൽ എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.
സാമ്പത്തിക ബാധ്യത കാരണമാകാം കവർച്ചയെന്ന് പോലീസ് ആദ്യമേ കരുതിയിരുന്നു. കാരണം ബാങ്കിൽ കൂടുതൽ പണം ഉണ്ടായിരുന്നെങ്കിലും ഇയാൾ 15 ലക്ഷം മാത്രമാണ് എടുത്തത്. സ്ഥിരം ക്രിമിനലാണെങ്കിൽ ആ പണം മുഴുവൻ എടുത്തേനെ എന്നും, എന്തോ തരത്തിലുള്ള സാമ്പത്തിക ബാധ്യത ഇല്ലാതാക്കാനായി ശ്രമിച്ച ആരോ ആണ് കൃത്യത്തിന് പിന്നിലുള്ളത് എന്നുമുള്ള അനുമാനത്തിലായിരുന്നു പോലീസ്.
അന്വേഷണം വഴിതിരിച്ചുവിടാനായി ആദ്യഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ വട്ടംചുറ്റിച്ചിരുന്നു. ദേശീയപാതയിലേക്ക് കയറി സ്‌കൂട്ടറിൽ പോകുന്ന ഒരാൾക്ക് ക്യാമറകൾ വെട്ടിച്ചുപോകാൻ കഴിയില്ല എന്നായിരുന്നു പോലീസിന്റെ വിശ്വാസം. കൊരട്ടി പള്ളിയുടെ ഭാഗംവരെയുള്ള ക്യാമറകളിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുമുണ്ട്. ഇവിടെനിന്നും ഇടവഴികളിലൂടെ ക്യാമറകളിൽ പതിയാതെ രക്ഷപ്പെടാനാണ് ശ്രമിച്ചത്. പിന്നീടുള്ള പ്രധാന ക്യാമറകളിലൊന്നും ഇയാളുടെ ദൃശ്യങ്ങൾ പതിയാതെ വന്നതോടെയാണ് പോലീസ് ഊടുവഴികളിലും ഈ പ്രദേശങ്ങളിൽ ഒളിച്ചിരിക്കാൻ സാധിക്കുന്ന ഇടങ്ങളിലുമെല്ലാം അന്വേഷണം ശക്തമാക്കിയത്.
പോലീസ് അന്വേഷണം ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലും കേന്ദ്രീകരിച്ച് നടത്തുമെന്ന് പ്രതി കരുതിയിരുന്നില്ല. ആ ധൈര്യത്തിലാണ് ഇയാൾ വീട്ടിൽ തന്നെ കഴിച്ചുകൂട്ടിയത്.
കവർച്ച നടത്തിയ ശേഷമുള്ള യാത്രക്കിടയിൽ പ്രതി പലതവണ തവണ വസ്ത്രം മാറിയിരുന്നു. മോഷണത്തിനെത്തിയപ്പോൾ സ്‌കൂട്ടറിന് റിയർ വ്യൂ മിറർ ഇല്ലായിരുന്നു. മോഷണത്തിന് ശേഷം സിസിടിവിയെ വെട്ടിയ്ക്കാൻ കടന്നു കളയുന്നതിനിടെ 500 മീറ്റർ കഴിയുന്നതിന് മുമ്പ് തന്നെ റിയർവ്യൂ മിറർ വെച്ചുവെന്നും പ്രതി ഉപയോഗിച്ചത് വ്യാജ നമ്പർ പ്ലേറ്റായിരുന്നുവെന്നും തൃശൂർ റൂറൽ എസ്പി പറഞ്ഞു. മൂന്ന് തവണ വസ്ത്രം മാറിയിട്ടും പ്രതി ധരിച്ചിരുന്ന ഷൂസിലെ നിറമാണ് നിർണായകമായതെന്ന് എസ്പി പറഞ്ഞു.
പ്രതി ഉപയോഗിച്ച സ്‌കൂട്ടർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പോലീസിനെ റിജോയുടെ വീട്ടിലേക്ക് കൊണ്ടെത്തിച്ചത്. ‘എൻടോർക്ക് 125’ എന്ന ഇരുചക്ര വാഹനവും ഫോണുമായി കണക്ടഡ് ആയിരുന്നു. നടത്തിയ ആസൂത്രണമൊക്കെയും സ്‌കൂട്ടർ കേന്ദ്രീകരിച്ചുള്ള അന്വേഷണം തകർത്തുകളഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ സ്‌കൂട്ടറായിരുന്നു പോലീസിന്റെ ആദ്യ പിടിവള്ളി. ബാങ്കിലും തൊട്ടു മുന്നിലെ പള്ളിയിലും പരിസരത്തും വന്നു പോകുന്നവരിൽ എൻടോർക്ക് ഉടമകളെ പൊലീസ് തേടി. പള്ളിയിൽ നിന്ന് റിജോയുടെ ഫോൺ നമ്പറും മറ്റു വിവരങ്ങളും ലഭിച്ചു. തുടർന്ന് ഇവരെ നിരീക്ഷിച്ചു. സംഭവ ദിവസം മോഷണം നടന്ന സമയത്തിന് ഒരു മണിക്കൂർ മുൻപ് റിജോ വീട്ടിൽ നിന്ന് പുറപ്പെട്ടതായും മോഷണത്തിനു ശേഷം അര മണിക്കൂർ കഴിഞ്ഞ് തിരികെ എത്തിയതായും സ്ഥിരീകരിച്ചു.
പ്രതിക്ക് അരക്കോടിയോളം രൂപ കടം ഉണ്ടായിരുന്നു. നാട്ടിലെത്തിയ റിജോയ്ക്ക് ജോലിയില്ലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന പ്രതിയുടെ മൊഴി പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുറച്ച് പണം ചെലവാക്കിയെന്നും പ്രതി സമ്മതിച്ചു. കൊള്ള നടത്തിയ ബാങ്കിന് സമീപമായിരുന്നു പ്രതി താമസിച്ചത്. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് പരിശോധിക്കുമെന്ന് എസ്പി പറഞ്ഞു.