ഒരുമാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ. അസം സ്വദേശി റാഷിദുൽ ഹഖ് (28), ട്രാൻസ് ജെന്റർ റിങ്കി (20) എന്നിവരാണ് ആലുവ പോലീസിന്റെ പിടിയിലായത്.
ബിഹാർ സ്വദേശികളായ ദമ്പതികളുടെ ഒരുമാസം പ്രായമുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനാണ് ഇവർ ശ്രമിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് തട്ടിക്കൊണ്ടുപോയെന്ന വിവരം പോലീസിന് ലഭിച്ചത്. 70000 രൂപ മോചനദ്രവ്യമായി ഇവർ ആവശ്യപ്പെടുകയും ചെയ്തു. റിങ്കി ട്രാൻസ്‌ജെൻഡർ ആണ് തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നൽകിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ താമസ സ്ഥലത്ത് പരിശോധിച്ചെങ്കിലും ഇവർ തൃശൂർ ഭാഗത്തേക്ക് കടന്നുകളഞ്ഞതായി വ്യക്തമാകുകയായിരുന്നു.
തുടർന്ന്, കൊരട്ടിയിൽ വെച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്. സംഭവം അറിഞ്ഞയുടൻ തന്നെ ആലുവ ഈസ്റ്റ് പോലീസിന്റെ സമയോചിതമായ ഇടപെടലിലാണ് ഇവർ പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്തിട്ടുണ്ട്.