റാഗിങ് പ്രതികളായ 5 പേരുടെയും തുടര്‍പഠനം വിലക്കും

നഴ്സിങ് കോളജിലെ റാഗിങ് കേസിൽ അറസ്റ്റിലായവർ

കോട്ടയം ഗവണ്‍മെൻ്റ് നഴ്‌സിങ് കോളജിലെ റാഗിങ് കേസില്‍ പ്രതികളായ 5 വിദ്യാര്‍ഥികളുടേയും തുടര്‍ പഠനം വിലക്കാൻ നഴ്‌സിങ് കൗണ്‍സില്‍ അടിയന്തര യോഗത്തില്‍ തീരുമാനം. കോളജ് അധികൃതരെയും സര്‍ക്കാരിനേയും ഇക്കാര്യം അറിയിക്കും.

ബര്‍ത്ത് ഡേ ആഘോഷത്തിന് പണം നല്‍കാത്തിന്റെ പേരിലായിരുന്നു ക്രൂരതയെന്നാണ് പ്രതികളുടെ മൊഴി. മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് നല്‍കാത്തതും പ്രതികളെ പ്രകോപിപ്പിച്ചു. ഇതിനുള്ള വൈരാഗ്യം തീര്‍ക്കാനാണ് വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപ്പലിക്കേല്‍പ്പിച്ചതും ക്രൂരമായി മര്‍ദ്ദിച്ചതുമെന്നാണ് പ്രതികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്.

റാഗിങ്ങുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ കോളജ് ഹോസ്റ്റല്‍ അധികൃതരെ വീണ്ടും ചോദ്യം ചെയ്യും. കോളേജിലെ അധ്യാപകരില്‍ നിന്നും മറ്റു വിദ്യാര്‍ഥികളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടും. അസിസ്റ്റന്റ് വാര്‍ഡന്റെയും ഹൗസ് കീപ്പറുടെയും അഭാവത്തില്‍ ഹോസ്റ്റലിന്റെ പൂര്‍ണ നിയന്ത്രണം പ്രതികളടക്കമുള്ള സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കോളജിലെത്തി അന്വേഷണം നടത്തിയ നഴ്‌സിങ് എജുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് കൈമാറും.

അതിനിടെ കോളജിലും ഹോസ്റ്റലിലും പൊലീസ് പരിശോധന നടത്തി. പ്രതികളുടെ ഹോസ്റ്റല്‍ മുറികളില്‍ നിന്നു മാരകായുധങ്ങള്‍ പൊലീസ് കണ്ടെത്തി. കത്തിയും കരിങ്കല്‍ കഷ്ണങ്ങളും വിദ്യാര്‍ഥികളെ ഉപദ്രവിക്കാന്‍ ഉപയോഗിച്ച കോമ്പസും ഡമ്പലുകളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു.

അതിനിടെ റാഗിങിന് ഇരയായ നാല് വിദ്യാര്‍ഥികള്‍ കൂടി പരാതി നല്‍കി. ഇരയാക്കപ്പെട്ട ആറ് വിദ്യാര്‍ഥികളില്‍ ഒരാള്‍ മാത്രമായിരുന്നു നേരത്തെ പരാതി നല്‍കിയത്. സംഭവത്തില്‍ പരാതിക്കാരായ മുഴുവന്‍ വിദ്യാര്‍ഥികളുടെയും മൊഴിയെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പുറത്ത് വന്ന ദൃശ്യങ്ങള്‍ ഡിസംബര്‍ 13ന് ചിത്രീകരിച്ചതാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പരാതിക്കാരായ മുഴുവന്‍ വിദ്യാര്‍ഥികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ പ്രതികള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോമ്പസ് വെച്ച് ശരീരത്തില്‍ കുത്തി മുറിവേല്‍പ്പിക്കുന്നതും അതിന് ശേഷം മുറിവില്‍ ലോഷനൊഴിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് പുറമെ വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വെയ്ക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ഥി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവര്‍ പ്രവൃത്തികള്‍ തുടരുന്നതായാണ് വിഡിയോ സൂചിപ്പിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments