കത്തിയുമായി ബാങ്കില്‍ കടന്ന അക്രമി ജീവനക്കാരെ ബന്ദിയാക്കി പണം മോഷ്ടിക്കുകയായിരുന്നു
ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി കവർച്ച. 15 ലക്ഷത്തോളം രൂപയാണ് ക്യാഷ് കൗണ്ടറിൽനിന്നു കവർന്നത്. മുഖംമൂടി ധരിച്ചെത്തിയ ഒരാളാണ് മോഷണം നടത്തിയത്. ഉച്ചയോടെ ജീവനക്കാർ ഭക്ഷണം കഴിക്കാൻ ഒരുങ്ങുമ്പോഴായിരുന്നു കവർച്ച. ബൈക്കിലെത്തിയ മോഷ്ടാവ് കസേര ഉപയോഗിച്ച് കാഷ് കൗണ്ടറിന്റെ ഗ്ലാസ് തല്ലിത്തകർത്താണ് പണം അപഹരിച്ചത്. ശേഷം കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നു SP ബി. കൃഷ്ണകുമാർ പറഞ്ഞു.
ബാങ്ക് ശാഖയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാവുന്ന ഒരാള്‍ തന്നെയാണ് കവർച്ച നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. ബാങ്കിന് സെക്യൂരിറ്റി ജീവനക്കാരുണ്ടായിരുന്നില്ല. തൃശ്ശൂർ ഭാഗത്തേക്കാണ് അക്രമി കടന്നിട്ടുള്ളതെന്നാണ് നിഗമനം.
തിരക്കേറിയ റോഡിന് സമീപം പട്ടാപ്പകലായിരുന്നു കവർച്ച. പണം അപഹരിച്ച ശേഷം ഇയാൾ സ്കൂട്ടറിൽ കയറി സ്ഥലം വിടുകയായിരുന്നു. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ബാങ്കിൽ ആ സമയം എട്ടു ജീവനക്കാരാണ് ഉണ്ടായിരുന്നത്.
ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹെൽമറ്റും ജാക്കറ്റും മാസ്കും ധരിച്ചാണ് അക്രമി ബാങ്കിനകത്തേക്ക് കടക്കുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. ആ സമയത്ത് ബാങ്കിലുണ്ടായിരുന്ന ജീവനക്കാരെ കത്തികാട്ടി ഭാഷണിപ്പെടുത്തി ടൊയ്‌ലെറ്റിനുള്ളിൽ പൂട്ടിയിട്ടു. തുടർന്ന് ഇയാൾ ക്യാഷ് കൗണ്ടർ തല്ലിപ്പൊളിച്ച് അവിടെയുണ്ടായിരുന്ന പണം മുഴുവൻ കൊള്ളയടിച്ചു. ഏകദേശം 15 മിനിറ്റ് സമയത്തിനുള്ളിൽ ഇയാൾ മോഷണം പൂർത്തിയാക്കി ബാങ്കിൽ നിന്നും രക്ഷപ്പെട്ടു.
ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബാങ്കിൽ എത്തി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. മോഷണം നടന്ന് ഒരു മണിക്കൂർ മാത്രമേ ആയിട്ടുള്ളൂ എന്നതിനാൽ അക്രമി അധികം ദൂരം സഞ്ചിരിച്ചിരിക്കാൻ സാധ്യതയില്ലാ എന്ന നിഗമനത്തിലാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം. പ്രതി ബാങ്കിലേക്ക് സ്കൂട്ടറില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഖം മറച്ചെത്തിയ ആൾ ഹിന്ദിയാണ് സംസാരിച്ചിരുന്നതെന്നാണ് ജീവനക്കാരിൽ ചിലർ പറയുന്നത്.