
പത്തനംതിട്ട റാന്നിയിൽ നടന്ന റീന കൊലക്കേസിൽ പ്രതി ഭർത്താവ് മനോജിന് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജി പി ജയകൃഷ്ണൻ ആണ് വിധി പ്രസ്താവിച്ചത്. സംശയത്തെ തുടർന്നാണ് മനോജ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നത്.
പിഴ ചുമത്തിയ രണ്ട് ലക്ഷം രൂപ സാക്ഷികളായ മക്കൾക്ക് നൽകാനും കോടതി ഉത്തരവായി. കൊലപാതകം നടന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വന്നത്. 2014 ഡിസംബർ 28നാണ് കേസിന് ആസ്പദമായ സംഭവം. മക്കളുടെ മുന്നിൽവെച്ചായിരുന്നു ക്രൂരമായ കൊലപാതകം. തടഞ്ഞുവെയ്ക്കൽ, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾക്കാണ് മനോജിനെ കോടതി ശിക്ഷിച്ചത്.
സംഭവദിവസം പുലർച്ചെ പ്രതി ഇഷ്ടികകൊണ്ട് റീനയുടെ തലയ്ക്കടിക്കുകയായിരുന്നു. അന്ന് പതിനൊന്നും പതിമൂന്നും വയസുള്ള ആൺമക്കളുടെ മുന്നിലിട്ടാണ് റീനയുടെ തലയ്ക്ക് ഇഷ്ടിക കൊണ്ട് മനോജ് അടിച്ചത്. തുടർന്ന് റീന രക്ഷപെടാൻ ശ്രമിച്ചെങ്കിലും തടഞ്ഞുനിർത്തി തലയിൽ ജാക്കി ലിവറുകൊണ്ട് അടിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയായിരുന്നു. വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു. അവശനിലയിലായ റീനയുടെ തല വീണ്ടും ഓട്ടോറിക്ഷയിൽ ഇടിപ്പിച്ചു. പതിനേഴ് ഗുരുതര മുറിവുകളാണ് റീനയുടെ തലയിലുണ്ടായിരുന്നത്.
കേസിൽ ജാമ്യത്തിലിറങ്ങിയ മനോജ് കുറ്റക്കാരനാണെന്ന് പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിക്കുകയായിരുന്നു. മനോജിനെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റി.
റീനയുടെ സ്ഥലം വിറ്റ പണം കൊണ്ടാണ് അമ്മ പുതിയ വീട് വച്ചു കൊടുത്തത്. ഈ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം. ആദ്യം മക്കളെ പ്രതി വശത്താക്കി അനൂകൂല മൊഴി കൊടുപ്പിച്ചു. മൊഴി കൊടുത്തതോടെ മക്കളെ പുറത്താക്കി. തുടർന്ന് മക്കൾ വിചാരണയിൽ കൃത്യമായി പ്രതിക്കെതിരെ മൊഴി നൽകി. പ്രതി മനോജ് ജാമ്യത്തിലിറങ്ങി പുതിയ ഭാര്യയ്‌ക്കൊപ്പം റീനയുടെ വീട്ടിൽത്തന്നെ കുറ്റബോധമില്ലാതെ താമസിക്കുകയായിരുന്നു.